Top

മലയാള സിനിമയില്‍ പുതിയ ഡയറക്ടര്‍ കോംബോ; ബാദുഷ നിര്‍മ്മിക്കുന്ന ചിത്രമൊരുക്കാന്‍ വിഷ്ണുവും ബിബിനും

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷണും തന്നെയാണ് രചനയും നിർവഹിക്കുന്നത്.

30 Dec 2020 11:14 PM GMT
ഫിൽമി റിപ്പോർട്ടർ

മലയാള സിനിമയില്‍ പുതിയ ഡയറക്ടര്‍ കോംബോ; ബാദുഷ നിര്‍മ്മിക്കുന്ന ചിത്രമൊരുക്കാന്‍ വിഷ്ണുവും ബിബിനും
X

‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഋതിക് റോഷൻ’, ‘ഒരു യമണ്ടൻ പ്രേമകഥ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. തുടർന്ന് ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ സംവിധാന വിശേഷങ്ങൾ പങ്കുവെച്ചത്.

പ്രിയപ്പെട്ടവരേ, മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതൽ…! ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്. ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുകയാണ്… അനുഗ്രഹിക്കണം

വിഷ്ണു ഉണ്ണികൃഷ്ണൻ

ഇരുവരും തിരക്കഥ എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളുടെ സംവിധായകരായ നാദിർഷ, നൗഫൽ, നിർമ്മാതാക്കളായ ആൽവിൻ ആൻ്റണി ചേട്ടൻ, സക്കറിയ തോമസ്, ദിലീപ്, ആൻ്റോ ജോസഫ് എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ഞാനുംചേർന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. എല്ലാത്തിനും ചങ്കായിട്ട് കൂടെ നിൽക്കുന്ന കൂട്ടുകാരുടെ പ്രോത്സാഹനവും, ഞാനെന്ന വ്യക്തിക്ക് കാരണക്കാരായ അപ്പച്ഛന്റേം അമ്മിച്ചിയുടേം ആശിർവാദവും കൂടെ ഉണ്ടാകുമെന്നുള്ള ധൈര്യത്തിൽ, അവഗണനകൾക്കിടയിൽ ഒരു ചെറു പുഞ്ചിരി നൽകിയ എല്ലാ നല്ലവരായ ആളുകളുടെ മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്നു, അനുഗ്രഹിക്കണം’, ബിബിൻ ജോർജ്ജ് പറയുന്നു.

ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിത്. അത് വേറൊന്നും കൊണ്ടല്ല, സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലിയ ഉത്തരവാദിത്തം. ഒരു തീരുമാനമെടുക്കാൻ കഴിയാതെ ചിന്തിച്ചു നിന്നപ്പോളാണ് മനസ്സിലേക്കൊരു ധൈര്യം കേറി വന്നത്, ആ ധൈര്യം നിങ്ങളാണ്. നല്ലതിനെ നല്ലതെന്നു പറയാനും, മോശമായതിനെ വിമർശിക്കാനും, കൂടെ നിൽക്കാനും, നെഞ്ചോടു ചേർക്കാനും, ഇത് വരെ ഞങ്ങൾക്കൊപ്പം നിന്ന, ഞങ്ങളുടെ സിനിമയ്ക്കൊപ്പം നിന്ന, നിങ്ങൾ പ്രേക്ഷകർ.

ബിബിൻ ജോർജ്ജ്

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷണും തന്നെയാണ് രചനയും നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.വാര്‍ത്ത പ്രചരണം എ എസ് ദിനേശ് നിർവഹിക്കുന്നു.

Next Story