‘പൊലീസ് തെളിവായി കാണിച്ചത് ഇതുവരെ കാണാത്ത ഫയലുകള്‍’; ഭീമ കൊറേഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് ഹാനി ബാബുവിന്റെ ഭാര്യയും
ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റെനോവ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ ലാപ്ടോപ്പ് അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പേ കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ ഇതിലേക്ക് കൃതിമമായി ഉണ്ടാക്കുകയുമായിരുന്നെന്ന് ജെന്നി റൊവേന പറയുന്നു. ‘എന്‍ഐഐ സമന്‍സ് പ്രകാരം ബാബു മുംബൈയില്‍ പോയപ്പോള്‍ പൊലീസ് കാണിച്ചു കൊടുക്കുകയാണ് 62 ഡോക്യുമെന്റുകള്‍ ഒരു സീക്രട്ട് ഫയലില്‍ ഉണ്ടെന്ന്. ഈ […]

ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം.
ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റെനോവ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ ലാപ്ടോപ്പ് അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പേ കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ ഇതിലേക്ക് കൃതിമമായി ഉണ്ടാക്കുകയുമായിരുന്നെന്ന് ജെന്നി റൊവേന പറയുന്നു.
‘എന്‍ഐഐ സമന്‍സ് പ്രകാരം ബാബു മുംബൈയില്‍ പോയപ്പോള്‍ പൊലീസ് കാണിച്ചു കൊടുക്കുകയാണ് 62 ഡോക്യുമെന്റുകള്‍ ഒരു സീക്രട്ട് ഫയലില്‍ ഉണ്ടെന്ന്. ഈ 62 ഫയലുകളും ഇതുവരെയും ബാബു കാണാത്ത ഫയലുകളാണ്. ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു ഈ 62 ഫയലുകള്‍ എങ്ങനെയാണ് കമ്പ്യൂട്ടറിനുള്ളില്‍ വന്നതെന്ന്. 2019 സെപ്റ്റംബറില്‍ ഒരു റെയ്ഡ് നടത്തി ലാപ്ടോപ്പ് എടുത്തുകൊണ്ടു പോവുകയായിരുന്നു. പിന്നെ സമന്‍സും അറസ്റ്റുമൊക്കെ വരുന്നത് അടുത്തവര്‍ഷമാണ്. ഇതിനിടയിലാണ് ആ ഡോക്യുമെന്റുകള്‍ ലാപ്ടോപ്പിലിടുന്നത്. ഈ ഡിജിറ്റല്‍ തെളിലുകളുടെ അടിസ്ഥാനത്തിലാണ് ഇവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്,’ ജെന്നി റൊവേന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
ഭീമ കൊറേഗാവ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെയാണ് സമാന ആരോപണങ്ങളുമായി അറസ്റ്റിലായ മറ്റുള്ളവരുടെ ബന്ധുക്കളും വരുന്നത്.
പ്രതികളിലൊരാളായ റൊണാ വില്‍സന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ ആര്‍സണല്‍ കണ്സല്ട്ടിംഗ് എന്ന ഡിജിറ്റല്‍ ഫോറന്‍സിക് കണ്ടെത്തിയിരുന്നു.
ഹാക്കിംഗിലൂടെ 10ലധികം ഡോക്യുമെന്റുകളാണ് ലാപ്ടോപില്‍ സ്ഥാപിച്ചത്. 22 മാസം ലാപ്ടോപ് മാല്‍വെയറിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല. ആര്‍സനല്‍ കണ്‍സല്‍ട്ടിങ് എന്ന അമേരിക്കന്‍ ഡിജിറ്റല്‍ ഫൊറന്‍സിക് സ്ഥാപനമാണ് പരിശോധന നടത്തിയത്. റൊണായെ നിരീക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ലാപ്ടോപ് ഹാക്ക് ചെയ്തതെന്ന് വ്യക്തമാണെന്ന് യുഎസ് ഡിജിറ്റല്‍ ഫൊറെന്‍സിക് കണ്‍സള്‍ട്ടന്റ് മാര്‍ക്ക് സ്പെന്‍സര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്ര ഭീമാ-കൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് 2018 ജൂണിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് പി വരവര റാവു, ഹാനി ബാബു, റോണ വില്സന് തൊഴിലാളി യൂണിയന് നേതാവ് സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്ലഖ, അരുണ്‍ ഫെരെയ്ര, വെര്‍ണന്‍ ഗോണ്‍സാല്‍വെസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പദ്ധതിയിടാന്‍ ഇവര്‍ കൂട്ടുനിന്നെന്ന് പൊലീസും എന്‍ഐഎയും വാദിച്ചു. വരവര റാവുവിന്റെയും റോണ വില്‍സെന്റിന്റെയും ലാപ്ടോപില്‍ നിന്നും തെളിവുകള്‍ ലഭിച്ചെന്നായിരുന്നു എന്‍ഐഎയുടെയും പ്രധാന വാദം.
- TAGS:
- Bhima Koregaon Case
- NIA