ഇതുവരെ കണ്ടതില്‍ ഏറ്റവും ഗുരുതരമായതെന്ന് ലോകപ്രശസ്ത ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍; മനുഷ്യാവകാശ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടന്നത് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

ഭീമ കൊറെഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്ടിവിസ്റ്റ് റോണ വിൽ‌സന്റെ കമ്പ്യൂട്ടറിൽ മാൽവെയർ ഉപയോഗിച്ച് വ്യജ തെളിവുകൾ തിരുകി കയറ്റിയെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കൻ ദിനപത്രമായ ‘വാഷിംഗ്ടൺ പോസ്റ്റ് ‘ആണ് ഈ റിപ്പോർട്ടിനെ പറ്റി വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് റോണ വിൽ‌സൻ, സുധീർ ധാവലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെൻ, മഹേഷ് റൗത് എന്നിവരെ 2018 മുതൽ കേന്ദ്ര സർക്കാർ ജയിലിൽ അടച്ചിരിക്കുന്നത്.

മസാച്യുസെറ്റ്സിലെ പ്രമുഖ ഫോറൻസിക് ലാബായ ‘ആർ‌സനൽ കൺസൾട്ടി ‘ങ്ങിൽ നടത്തിയ പരിശോധനയിൽ ആണ് കുറ്റാരോപിതനായ റോണ വിൽസണെതിരെയുള്ള പ്രധാന തെളിവുകൾ പുറമെ നിന്ന് തിരുകി കയറ്റിയതാണെന്ന് കണ്ടെത്തിയത്. ചുരുങ്ങിയത് പത്തോളം കത്തുകൾ എങ്കിലും റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ ‘നെറ്റ് വയർ ‘ എന്ന മാൽവെയറിന്റെ സഹായത്തോടെ ഹാക്കർ കയറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കംപ്യൂട്ടർ പിടിച്ചെടുക്കുന്നതിനും രണ്ടുവർഷം മുൻപ് തന്നെ ഈ ‘നുഴഞ്ഞുകയറ്റം ‘ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഹാക്കർ ആദ്യം 52 രേഖകളാണ് വിൽസന്റെ കമ്പ്യൂട്ടറിലെ ‘ഹിഡൻ ഫോൾഡറിൽ ‘ സ്ഥാപിച്ചത്. പൊലീസ് വിൽസന്റെ വീട്ടിൽ അന്വേഷിച്ചു ചെല്ലുന്നതിനും ലാപ്‌ടോപ്പ് പിടിച്ചെടുക്കുന്നതിനും ഒരു ദിവസം മുമ്പാണ് തെളിവായി കണ്ടെടുത്ത അവസാന രേഖ ചേർത്തതെന്നും റിപ്പോർട്ട് പറയുന്നു. അതായത് 2018 ഏപ്രിൽ 17ന്.

ഡൽഹി ജെഎൻയുവിൽ നിന്നും എം.ഫിൽ എടുത്തിട്ടുള്ള ഗവേഷകനും ആക്ടിവിസ്റ്റും ആണ് മലയാളിയായ റോണ വിൽസൺ. കൂടാതെ രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് ‘ എന്ന സംഘടനയുടെ മാധ്യമ സെക്രട്ടറിയായും വിൽസൺ പ്രവർത്തിച്ചിട്ടുണ്ട്. പിഎച്ച്ഡി പഠനത്തിനായി രണ്ട് വിദേശ സർവകലാശാലകളിൽ നിന്ന് ക്ഷണം ലഭിച്ച വിൽസൺ സ്കോളർഷിപ്പിന് അപേക്ഷ നൽകിയിരിക്കവേയാണ് അറസ്റ്റിലാകുന്നത്.

തോക്കുകളുടെയും വെടിമരുന്നിന്റെയും ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് വിൽസൺ ‘മാവോയിസ്റ്റ് തീവ്രവാദി ‘ക്ക് എഴുതിയ കത്തും എൻഐഎ നിരത്തിയ തെളിവുകളിൽ പ്രമുഖമാണ്. അതിൽ പ്രധാനമന്ത്രി മോദിയെ വധിക്കാൻ നിരോധിത സംഘത്തെ വിൽസൺ പ്രേരിപ്പിച്ചു എന്നായിരുന്നു പൊലീസ് ആരോപണം. വിൽസണ് മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾക്കാസ്പദമായ ആ ഫോൾഡർ വിൽസൺ തുറന്നിട്ടില്ലെന്നും, കൃത്യമായി പറഞ്ഞാൽ ആ ഫോൾഡർ ആരും തുറന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ കേസിൽ വിൽ‌സന്റെ കമ്പ്യൂട്ടറിൽ കണ്ടെത്തിയ പത്ത് നിർദ്ദിഷ്ട രേഖകളുടെ പരിശോധനക്കായാണ് ആർ‌സനലിനെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ പരിശോധനക്കിടെ ഒരു മാൽവെയറിന്റെ സാന്നിധ്യം വിൽസന്റെ കമ്പ്യൂട്ടറിൽ കണ്ടെത്തിയെന്നും അത് വിൽസൺ പോലും അറിയാതെ തന്നെ സിസ്റ്റത്തിന്റെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അവർ കണ്ടെത്തുകയായിരുന്നു.

ആക്ടിവിസ്റ്റും കവിയും കേസിലെ സഹപ്രതിയുമായ വരവര റാവുവിന്റെ അക്കൗണ്ടുപയോഗിക്കുന്ന മറ്റൊരു വ്യക്തിയിൽ നിന്നുമാണ് വിൽസണ് സംശയാസ്പദമായ ഇമെയിലുകൾ ലഭിക്കുന്നത്. റാവുവിന്റെ അക്കൗണ്ട് ഉപയോഗിച്ച വ്യക്തി ഈ കാലയളവിൽ വിൽ‌സൺ വഴി തന്നെ ഒരു പ്രത്യേക രേഖ തുറക്കാൻ ഒന്നിലധികം ശ്രമങ്ങളാണ് നടത്തിയത്. ഇത് ഒരു സിവിൽ ലിബർട്ടീ ഗ്രൂപ്പിൽ നിന്നും ഒരു പ്രസ്താവന ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കായിരുന്നു. ഇതിലൂടെയാണ് നെറ്റ് വയർ എന്ന മാൽവെയറിലൂടെ വിൽസന്റെ കമ്പ്യൂട്ടറിൽ വ്യാജ തെളിവുകൾ തിരുകി കയറ്റിയത്.

2009 ൽ സ്ഥാപിതമായ ആർ‌സനൽ കൺസൾട്ടിങ് ‘ബോസ്റ്റൺ മാരത്തൺ ബോംബിംഗ്‘ ‘ ഉൾപ്പെടെയുള്ള പല പ്രധാന കേസുകളിലും ഡിജിറ്റൽ ഫോറൻസിക് വിശകലനം നടത്തിയിട്ടുള്ളവരാണ്. ‘തങ്ങൾ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള കേസുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്. കൃത്രിമമായ തെളിവുകളും മറ്റും സൃഷ്ടിക്കാനും കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കാനുമായി വളരെയധികം സമയം ഈ കേസിൽ മുടക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാ’ണെന്നും ആർ‌സനൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭീമാ കൊറെഗാവ് കേസിൽ ആദ്യം അറസ്റ്റിലായ മലയാളി ഗവേഷകനാണ് റോണാ വിത്സൻ. ഇദ്ദേഹം ഉൾപ്പെടെ കവികളും ഗവേഷകരും മനുഷ്യാവകാശ പ്രവർത്തകരുമായി 12 പേരാണ് രണ്ടു വർഷമായി വിചാരണ പോലുമില്ലാതെ ജയിലിൽ കിടക്കുന്നത്. പലതരം രോഗബാധയും പ്രായാധിക്യത്തിന്റെ അവശതയുമായി തടവുകാരിൽ പലരും ദയനീയ അവസ്ഥയിലുമാണ്. ഏതായാലും പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭീമ കൊറെഗാവ് കേസിലെ പ്രവർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട നടപടികൾ സ്റ്റേ ചെയ്യണമെന്ന് വിൽസൺ തന്റെ അപേക്ഷയിൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കാലയളവിൽ കുറ്റാരോപിതർ അനുഭവിച്ച യാതന, പീഡനം, മൗലികാവകാശ ലംഘനം, അപകീർത്തിപ്പെടുത്തൽ, തടവിലിടൽ, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നിവക്കൊരു പരിഹാരമെന്ന വണ്ണം കേസിൽ പ്രതി ചേർത്തിട്ടുള്ള എല്ലാവരെയും വിചാരണ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവും ചാർജ്ജ് ഷീറ്റും റദ്ദാക്കണമെന്നും വിൽസൺ അപേക്ഷയിൽ ആവശ്യപ്പെടുന്നു. തങ്ങളുടെ കക്ഷിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിൽസന്റെ അഭിഭാഷകർ ആർ‌സനൽ റിപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

2017ഡിസംബർ 31ന് പൂനെയിലെ ശനിവാർ വാഡയിൽ നടന്ന എൽഗാർ പരിഷത്ത് യോഗത്തിൽ നിരവധി മനുഷ്യാവകാശ പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാണ് കേന്ദ്ര ഭാഷ്യം. ഇതേ തുടര്‍ന്ന് 2018 ജൂണിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് പി വരവര റാവു, റോണ വില്‍സന്‍, തൊഴിലാളി യൂണിയന്‍ നേതാവ് സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ, അരുണ്‍ ഫെരെയ്‌ര, വെര്‍ണന്‍ ഗോണ്‍സാല്‍വെസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള പദ്ധതിക്ക് ഇവര്‍ കൂട്ടുനിന്നെന്ന് പൊലീസും എന്‍ഐഎയും വാദിച്ചു. വരവര റാവുവിന്റെയും റോണ വില്‍സെന്റിന്റെയും ലാപ്‌ടോപില്‍ നിന്നും തെളിവുകള്‍ ലഭിച്ചെന്നായിരുന്നു ദേശീയ അന്വേഷണ ഏജൻസിയായ എന്‍ഐഎയുടെ പ്രധാന വാദം.

ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള റോണ വിൽസൺ അടക്കമുള്ള എല്ലാ കുറ്റാരോപിതരും ‘തൊട്ടുകൂടാത്ത ‘വരായ ഗോത്രവർഗക്കാർക്കും ദലിതർക്കും രാജ്യത്തെ ഏറ്റവും പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായും വാദിക്കുന്നവരാണ്. കൂടാതെ മോദിസർക്കാരിനെ അവർ പരസ്യമായി എതിർക്കുന്നുമുണ്ട്. കേന്ദ്രഭരണത്തെ വിമർശിക്കുന്നവരെ ഭയപ്പെടുത്തിയും ഉപദ്രവിച്ചും അറസ്റ്റു ചെയ്തുമാണ് മോദി സർക്കാർ നേരിടുന്നതെന്ന പരാതിക്ക് ബലപ്പെട്ട ഒരടിത്തറയാണ് ഈ വെളിപ്പെടുത്തലുകൾ നൽകുന്നത്. ഇത് രാജ്യത്തുണ്ടാകുന്ന വിയോജിപ്പുകളെയും വേറിട്ട ശബ്ദത്തെയും അടിച്ചമർത്താനുള്ള സർക്കാർ ശ്രമമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമ വിദഗ്ധരും ചൂണ്ടികാണിക്കുന്നു.

പ്രസ്തുത കേസിലെ തീവ്രവാദ ബന്ധങ്ങൾ “ഇന്ത്യയുടെ ദലിത്, തദ്ദേശീയ, ഗോത്ര സമുദായങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളുകയും പരിരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്നു” എന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ചുരുങ്ങിയത് ഒമ്പത് മനുഷ്യാവകാശ പ്രവർത്തകരെ ലക്ഷ്യമിട്ട് ഒരു ‘സംഘടിത നുഴഞ്ഞുകയറ്റ പ്രവർത്തനം‘ നടക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും ടൊറന്റോ ഇന്റർനെറ്റ് വാച്ച്ഡോഗ് സിറ്റിസൺ ലാബും കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അതിൽ എട്ട് പേരും ഭീമ കൊറേഗാവ് തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുള്ളത് സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നവയാണ്.

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്ത ആഴ്സണൽ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആക്ടിവിസ്റ്റ് ആയ അനിവർ അരവിന്ദ് ഇങ്ങനെ ക്രോഡീകരിക്കുന്നു

👉 2018 ൽ Mr. വിൽസന്റെ കമ്പ്യൂട്ടർ പൂനെ പോലീസ് പിടിച്ചെടുത്തു. Mr.വിൽസന്റെ അഭിഭാഷകർ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഫോറൻസിക് വിശകലനത്തിന് സഹായിക്കുന്നതിനായി അമേരിക്ക ബാർ അസോസിയേഷനെ (എബി‌എ) സമീപിച്ചു. എ ബി എയുടെ അഭ്യർഥന മാനിച്ച് ആഴ്സണലിന് കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് പകർപ്പ് കോടതി വഴി വിൽസന്റെ അഭിഭാഷകർ ലഭ്യമാക്കുകയും 2020 ജൂലൈ 31 മുതൽ അതിന്റെ പ്രവർത്തനം പഠിയ്ക്കുകയും ചെയ്തു.

👉 2016 ജൂൺ 13 ന്, ആക്രമണകാരി, വരവര റാവുവെന്ന് നടിച്ച് വിൽസന് ഒരു പ്രത്യേക ഡ്രോപ്ബോക്സ്‌ ലിങ്ക് തുറക്കാൻ ഒന്നിലധികം തവണ ഇമെയിൽ അയയ്ക്കുന്നു

👉 താൻ ഡോക്യുമെന്റ് വിജയകരമായി തുറന്നുവെങ്കിലും ഡോക്യുമെന്റിൽ ലെറ്റർ ഹെഡ് മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും ബാക്കിയുള്ളവ കറപ്റ്റഡായ അക്ഷരക്കൂട്ടമാണെന്നും വിൽസൺ പ്രതികരിക്കുന്നു

👉 ഇതിനിടയിൽ ഡോക്യുമെന്റുണ്ടായിരുന്ന RAR ഫയലിലെ‌ മാൽവെയർ വിൽ‌സന്റെ കമ്പ്യൂട്ടറിൽ‌ സ്വയം‌ ഇൻ‌സ്റ്റാൾ‌ ചെയ്‌തു

👉 നെറ്റ്‌വെയർ വിദൂര ആക്സസ് ട്രോജൻ ഇരകളുടെ കമ്പ്യൂട്ടറിന്മേൽ ആക്രമണകാരിക്ക് അഡ്മിനിസ്റ്റ്രേറ്റീവ് നിയന്ത്രണം നൽകുന്നു. അതിനുശേഷം ട്രോജൻ വിൽ‌സന്റെ കീസ്‌ട്രോക്കുകളും പാസ്‌വേഡുകളും പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ തുടങ്ങി

👉 അടുത്ത ഒന്നര വർഷത്തിൽ, ആക്രമണകാരിക്ക് വിൽസന്റെ കമ്പ്യൂട്ടർ പ്രവർത്തനം നിരീക്ഷിക്കാനും അവർ ഇൻസ്റ്റാൾ ചെയ്ത ട്രോജൻ കസ്റ്റമൈസ് ചെയ്യാനും പറ്റിയിരുന്നു.

👉 മാൽ‌വെയർ‌ ഹോസ്റ്റിംഗ് സെർ‌വറും വിൽസന്റെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സിങ്ക്രണൈസ് ചെയ്യുന്നതിന്‌ ആക്രമണകാരി മറ്റ് ടൂളുകളും ഉപയോഗിച്ചു.

👉 നവംബർ 3, 2016 ന്, ആക്രമണകാരി വിൽ‌സന്റെ കമ്പ്യൂട്ടറിൽ‌ ഒരു ഹിഡൺ ഫോൾ‌ഡർ‌ സൃഷ്‌ടിക്കുന്നു

👉 മാൽ‌വെയർ‌ സെർ‌വറിലേക്ക് സിക്രണൈസ്‌ ചെയ്ത വിൽസനെ കുറ്റക്കാരനാക്കുന്ന 10 രേഖകളിൽ 9 എണ്ണം കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്യപ്പെട്ടിരുന്ന തമ്പ് ഡ്രൈവിലേയ്ക്ക് 2018 മാർച്ച് 14 ന്‌ പകർ‌ത്തുന്നു. വിൽസണിനും കൂട്ടുപ്രതികൾക്കുമെതിരായ കേസിലെ പ്രോസിക്യൂഷൻ തെളിവായി ഈ തമ്പ് ഡ്രൈവ് ഉദ്ധരിക്കുന്നു

👉 2018 ഏപ്രിൽ 6 ന് കുറ്റവാളിയാക്കുന്ന‌ 10 രേഖകൾ പിന്നീട് അതേ ഫോൾഡറിലേക്ക് ചേർത്തു (System Volume Information എന്നായിരുന്നു ഫോൾഡർ നെയിം)

👉 ഈ രേഖകളെല്ലാം മൈക്രോസോഫ്റ്റ് വേഡിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെ (2010 അല്ലെങ്കിൽ 2013) അടിസ്ഥാനമാക്കിയുള്ളതാണ്, വിൽസൺ ഇൻസ്റ്റാൾ ചെയ്ത പതിപ്പല്ല (2007)

👉 പരോസിക്യൂഷൻ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 10 രേഖകളിൽ ഏതെങ്കിലും വിൽസൺ ഇതുവരെ തുറന്നതായി തെളിവുകളില്ലെന്ന് ആഴ്സണൽ പറയുന്നു

👉 ഈ പത്ത് രേഖകളോ ഹിഡൺ ഫോൾഡറോ ഏതെങ്കിലും തുറന്നതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ല

👉 നെറ്റ്‌വെയർ ട്രോജൻ സൃഷ്ടിച്ച ഭാഗികവും പൂർണ്ണവുമായ ആകെ 57 ലോഗുകൾ 2016 ജൂൺ 13 നും 2018 ഏപ്രിൽ 17 നും ഇടയിൽ ആഴ്സണൽ കണ്ടെത്തി.

👉 2018 ഏപ്രിൽ 17 ന് വിൽസനെ അറസ്റ്റുചെയ്യാൻ പൂനെ പോലീസ് പോയപ്പോൾ നെറ്റ്‌വെയർ ട്രോജൻ അപ്പോഴും സജീവമായിരുന്നു. ഇതിന്റെ കണക്റ്റ് ചെയ്ത ഐപി അടക്കം റിപ്പോർട്ടിലുണ്ട്.

2 വർഷമൊക്കെ‌ തയ്യാറെടുത്ത് വല‌വിരിയ്ക്കുന്നതരം ഹൈലി സോഫിസ്റ്റിക്കേറ്റഡ് സൂക്ഷ്മതയാണ് ഇതിൽ മൊത്തം കാണുന്നത്.
_ അനിവർ അരവിന്ദ് Anivar Aravind

Latest News