Top

‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന് ആസാദ്

മനീഷയുടെ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആസാദ് മുന്‍പ് പറഞ്ഞിരുന്നു

4 Oct 2020 11:03 AM GMT

‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന്  ആസാദ്
X

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തന്റെയൊപ്പം അയയ്ക്കണമെന്ന് ആവശ്യമുന്നയിച്ച് ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നാളെ കോടതിയില്‍ ഹര്‍ജി നല്‍കും. കുടുംബം തന്നോടൊപ്പം വരണമെന്നാവശ്യപ്പെട്ട് കരഞ്ഞുവെന്നും കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അധികാരികള്‍ അനുവദിച്ചില്ലെന്നും ആസാദ് ട്വീറ്റു ചെയ്തു. ഇതേ തുടര്‍ന്നാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. വൈ കാറ്റഗറി സുരക്ഷ നല്‍കിയില്ലെങ്കില്‍ മനീഷയുടെ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആസാദ് മുന്‍പ് പറഞ്ഞിരുന്നു.

ഹാത്രസിലെ എന്റെ കുടുംബത്തില്‍ നിന്ന് പോന്നതേയുള്ളൂ. ഞെട്ടലിലാണ് ഞാന്‍. എന്റെ സഹോദരിയുടെ മാതാവും പിതാവും കരയുകയായിരുന്നു. ‘മകനേ ഞങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകൂ’ എന്നവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവരെ കൂടെ കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അധികാരികള്‍ അനുവദിച്ചില്ല. നാളെ ഈ ആവശ്യമുന്നയിച്ച് ഞങ്ങള്‍ കോടതിയില്‍ ഹര്‍ജി നല്‍കും.

ചന്ദ്രശേഖര്‍ ആസാദ്

കുടുംബം ഹാത്രസില്‍ സുരക്ഷിതരല്ലെന്നും വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ ഒന്നിലധികം തവണയാണ് ഭീം ആര്‍മി നേതാവിനെ യുപി പൊലീസ് തടഞ്ഞത്. ഹാത്രസ് അതിര്‍ത്തിയില്‍ വച്ചും മുന്നോട്ടുപോകാനാകില്ലെന്ന് പൊലീസ് പറഞ്ഞതോടെ 5 കിലോമീറ്ററോളം പ്രവര്‍ത്തകരുമായി സഞ്ചരിച്ചാണ് ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്‌.

യുവതിയുടെ കൊല്ലപാതകത്തിന് ശേഷം കുടുംബത്തിന് നേരെ സവര്‍ണ ജാതിക്കാരുടെ ഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ കുട്ടികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സവര്‍ണ നേതാക്കള്‍ മനീഷ വാത്മീകിയുടെ കുടുംബത്തോട് പറഞ്ഞു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദളിത് കുടുംബത്തെ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. പ്രതികള്‍ക്കൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഴ്ച്ചകളോളം യുപി പൊലീസിന്റെ ബന്ദവസിലായിരുന്നു ഹാത്രസ് യുവതിയുടെ കുടുംബം. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ കാണുന്നതില്‍ നിന്നും കുടുംബത്തെ വിലക്കിയിരുന്നു. പൊലീസ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Next Story