Top

ചന്ദ്രശേഖര്‍ ആസാദിനെ 20 കിലോ മീറ്റര്‍ അകലെ തടഞ്ഞു; കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി എത്തിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വെച്ചാണ് പൊലീസ് തടഞ്ഞത്. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹാത്രസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയാണ് ചന്ദ്രശേഖറും ഭീം ആര്‍മി പ്രവര്‍ത്തകരും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് പീഡനങ്ങള്‍ക്കെതിരെ ആസാദിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും സ്വയരക്ഷയ്ക്ക് തോക്ക് […]

4 Oct 2020 4:25 AM GMT

ചന്ദ്രശേഖര്‍ ആസാദിനെ 20 കിലോ മീറ്റര്‍ അകലെ തടഞ്ഞു; കാല്‍നടയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി എത്തിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വെച്ചാണ് പൊലീസ് തടഞ്ഞത്.

പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹാത്രസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയാണ് ചന്ദ്രശേഖറും ഭീം ആര്‍മി പ്രവര്‍ത്തകരും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് പീഡനങ്ങള്‍ക്കെതിരെ ആസാദിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും സ്വയരക്ഷയ്ക്ക് തോക്ക് ലൈസന്‍സ് നല്‍കണമെന്ന് ആസാദ് ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് ദളിത് ബഹുജന്‍ ജനതയ്‌ക്കെതിരെ തുടരെ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ബഹുജനങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനായി സര്‍ക്കാര്‍ അന്‍പത് ശതമാനം സബ്‌സിഡി അനുവദിക്കണമെന്നും അങ്ങനെ ഞങ്ങള്‍ സ്വയം സംരക്ഷിച്ചുകൊള്ളാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റോടെ ട്വിറ്ററില്‍ ‘ഗണ്‍ ലൈസന്‍സ് ഫോര്‍ ബഹുജന്‍’ എന്ന ഹാഷ്ടാഗ് തരംഗമായി. ആസാദിനെ പിന്തുണച്ച് നിരവധിപ്പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റിന്റെ പൂര്‍ണ്ണരൂപം:

ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. സ്വയ രക്ഷക്കുള്ള അവകാശം ഉള്‍പ്പെടെ. അടിയന്തരമായി ഈ രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന ബഹുജനങ്ങള്‍ക്ക് ആയുധ ലൈസന്‍സ് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ ഞങ്ങള്‍ക്ക് 50 ശതമാനം സബ്‌സിഡി തരൂ. ഞങ്ങള്‍ ഞങ്ങളെത്തന്നെ സംരക്ഷിച്ചോളാം.

പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലിസ് കൈയ്യേറ്റം ചെയ്തതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പ്രിയങ്കയുടെ വസ്ത്രത്തില്‍ പോലിസുകാരിലൊരാള്‍ കുത്തിപ്പിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോയിഡ ഡയറക്റ്റ് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ വെച്ചാണ് യുപി പൊലിസ് കോണ്‍ഗ്രസ്സ് നേതാക്കളെ തടഞ്ഞത് തുടര്‍ന്ന് പൊലിസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന കയ്യേറ്റത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ ഒരു പോലീസുകാരന്‍ പിടിക്കുന്നത്.

Next Story