യൂസഫലിയുടെ ഇടപെടലില്‍ ലഭിച്ച പുതുജീവിതം; ബെക്സ് കൃഷ്ണന് ജന്മനാട്ടില് തിരിച്ചെത്തി
അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടില്‍ തിരിച്ചത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് നാട്ടിലെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. മകന് അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കെയാണ് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി […]
9 Jun 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടില്‍ തിരിച്ചത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് നാട്ടിലെത്തിയത്.
കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. മകന് അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കെയാണ് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.

2012 സെപ്റ്റംബര്‍ ഏഴിനാണ് തൃശൂര്‍ സ്വദേശിയായ ബെക്സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശിയായ ബെക്സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബര്‍ ഏഴിന് ബെക്സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാന് സ്വദേശിയായ ബാലന് കൊല്ലപ്പെട്ടു. അന്വേഷണത്തില്‍ ബെക്സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്സിന് പ്രതികൂലമാവുകയായിരുന്നു.
അതിനിടെ, യുഎഇയില്‍ മലയാളി യുവാവിനെ ബ്ലഡ് മണി നല്കി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ശ്രദ്ധ നേടാനല്ലെന്ന് വ്യവസായി എംഎ യൂസഫലി പ്രതികരിച്ചു. വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയ ബെക്സ് കൃഷണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന നടത്തുന്ന പരിശ്രമമാണെന്നും ആദ്യം ഘട്ടത്തില്‍ പണം സ്വീകരിക്കാതിരുന്ന മരിച്ച സുഡാനി കുട്ടിയുടെ കുടുംബം പിന്നീട് സമ്മതമറിയിച്ച ശേഷം കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവെച്ചതെന്നും യൂസഫലി പറയുന്നു. നിലവില്‍ നാട്ടില്‍ കുടുംബത്തോടൊപ്പമുള്ള ബെക്സ് കൃഷ്ണന് ഗള്‍ഫില്‍ തന്നെ ജോലി ശരിയാക്കിക്കൊടുക്കുമെന്നും എംഎ യൂസഫലി പറഞ്ഞു. മനുഷ്യ ജീവനെ പണം കൊണ്ടളക്കാനാവില്ലെന്നും മനുഷ്യന് മനുഷ്യനെയാണ് സഹായിക്കേണ്ടെതന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എംഎ യൂസഫലി പറഞ്ഞു.
‘ പലരും കരുതുന്നത് താന്‍ ഹെലികോപ്ടറില്‍ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാന്‍ ചെയ്ത കാര്യമാണിതെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവെച്ചത്. കാരണം ഒരു ജീവിതമാണ്, കുടുംബമാണ് ഇങ്ങനെ സംഭവിച്ചു പോയി. മനുഷ്യജീവന് പണമല്ല മൂല്യം. കാശ് കൊടുത്താലും ചിലപ്പോള്‍ മനുഷ്യ ജീവന് രക്ഷപ്പെടാന്‍ പറ്റാത്ത എത്രയോ സംഭവങ്ങളുണ്ട്. മനുഷ്യന് മനുഷ്യനെയാണല്ലോ സ്നേഹിക്കേണ്ടത്. മനുഷ്യന് മനുഷ്യനെയാണല്ലോ രക്ഷപ്പെടുത്തേണ്ട്. ആ നിലയ്ക്ക് കഴിഞ്ഞ ജനുവരിയില്‍ കാശ് കൊടുത്തതാണ്,’ എംഎ യൂസഫലി പറഞ്ഞു.