Top

ബെവ്‌കോയുടെ ഹോം ഡെലിവറി സംവിധാനം ഉടനുണ്ടാകില്ല; കാവല്‍ സര്‍ക്കാരിന് നിയമതടസം

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം വെച്ചത്.

27 April 2021 4:51 AM GMT

ബെവ്‌കോയുടെ ഹോം ഡെലിവറി സംവിധാനം ഉടനുണ്ടാകില്ല; കാവല്‍ സര്‍ക്കാരിന് നിയമതടസം
X

തിരുവനന്തപുരം: ഹോം ഡെലിവറി വഴി മദ്യവിത്പന തുടരാനുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ നീക്കം ഉടനുണ്ടാവില്ല. മദ്യത്തിന്റെ ഹോം ഡെലിവറിക്കായി കേരള എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം. എന്നാല്‍ കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായി തീരുമാനമടുക്കാനാകില്ല. ഈ പശ്ചാത്തലത്തില്‍ നീക്കത്തിന് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മദ്യവിത്പന ശാലകള്‍ അടച്ചത്. എന്നാലിതേ തുടര്‍ന്ന് വ്യാജമദ്യം വ്യാപകമാകുന്നത് തടയാനും ബെവ്‌കോയുടെ വരുമാന നഷ്ടം പിടിച്ചുനിര്‍ത്താനുമാണ് ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ ബെവ്‌കോ തയ്യാറെടുത്തത്. മദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സികളുടെ സഹായത്തോടെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം വെച്ചത്. അതേസമയം, ഈ നീക്കത്തെ എതിര്‍ത്ത് കെസിബിസി മദ്യവിരുദ്ധ സമിതിയും ബെവ്‌കോയിലെ പ്രതിപക്ഷ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു്. ബാറുകളും ഔട്ട്‌ലെറ്റുകളും ഇരട്ടിയാക്കിയ സര്‍ക്കാര്‍, മദ്യ നയത്തില്‍ വീണ്ടും വെള്ളം ചേര്‍ക്കരുതെന്നും കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിലെ വീടുകളെ ബാറാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്നും കെസിബിസി മുന്നറിയിപ്പ് നല്‍കി.

മുന്‍പ് ഓണ്‍ലൈന്‍ മദ്യവില്‍പ്പന അവതരിപ്പിച്ച കര്‍ണ്ണാടകയുടെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഭരണഘടനയുടെ 47ാം അനുഛേദത്തിന് എതിരാണെന്നും നിരീക്ഷിക്കപ്പെടുന്നു.

Also Read: നാദാപുരത്ത് ബൈക്കില്‍ പുറത്തിറങ്ങിയ അധ്യാപകനെതിരെ പത്ത് വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ്

Next Story