
ഹോം ഡെലിവെറിക്കൊരുങ്ങി ബവ്റിജസ് കോര്പറേഷന്. അടുത്ത ആഴ്ച്ചയിലാണ് ബവ്കോ ഹോം ഡെലിവെറിക്കായി തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ആദ്യഘട്ടം നടപ്പിലാക്കുക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബവ്കോ ഹോം ഡെലിവെറിക്ക് ഒരുങ്ങുന്നത്.
പ്രീമിയം ബ്രാൻഡുകളാണ് ഹോം ഡെലിവെറിയിലൂടെ വിതരണം ചെയ്യുന്നത്. പ്രത്യേകം സർവീസ് ചാർജ്ജും ഇതിനായി ഈടാക്കും. എന്നാൽ ബവ്കോ നേരിട്ട് മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കണമോ അതോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്നതിൽ തീരുമാനമുണ്ടായിട്ടില്ല. ബവ്ക്യൂ ആപ് ഇനി ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം.
തിരുവനന്തപുരത്തും എറണാകുളത്തും ഈ സേവനം തുടങ്ങിയതിന്ന് ശേഷമാകും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഹോം ഡെലിവെറിയിലെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബവ്കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷമാകും സര്‍ക്കാരിനു ശുപാര്‍ശ നല്‍കുക.