
സംഘപരിവാറിനോട് ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലും ഭേദം ആത്മഹത്യയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്തയേക്കുറിച്ചുള്ള ചോദ്യത്തിനാണ് വി ഡി സതീശന്റെ മറുപടി. അഞ്ച് പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത കെട്ടുകഥയാണ്. ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മാധ്യമത്തില്‍ വന്ന ഊഹാപോഹം മാത്രമാണെന്നും പറവൂര്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ഏതെങ്കിലും ഘട്ടത്തില്‍ സംഘപരിവാറിനോട് ചേരേണ്ടി വന്നാല്‍ അതിലും ഭേദം ആത്മഹത്യയാണെന്നാണ് ഞാന്‍ കരുതുന്നത്.
വി ഡി സതീശന്
കോണ്‍ഗ്രസ് സംഘപരിവാറിനെതിരെ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ്. കേരളത്തിലെ കോണ്‍ഗ്രസും അങ്ങനെത്തന്നെയാണ്. അതിനെ മുന്‍ നിരയില്‍ നിന്ന് നയിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. കോണ്‍ഗ്രസ് എംപിമാര്‍ ആരും നിയമസഭാ സീറ്റ് ചോദിച്ചിട്ടില്ല. മുരളീധരന് വട്ടിയൂര്ക്കാവിനോട് സ്നേഹമുണ്ടാകുക സ്വാഭാവികമാണ്. എല്ലാ എംഎല്‍എമാര്‍ക്കും അവരവരുടെ മണ്ഡലത്തോട് സ്നേഹമുണ്ടാകും. എനിക്ക് പറവൂരിനോട് സ്നേഹമുണ്ട്. വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരിക്കെ മുരളീധരന് വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ പോയത് സ്വന്തം നിലയില്‍ തീരുമാനമെടുത്തിട്ടാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തേയും സതീശന് പ്രശംസിച്ചു. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം കെട്ടിയിറക്കിയ രാജകുമാരനല്ല. 28-ാമത്തെ വയസില്‍ മന്ത്രിയായ ആളാണ്. അന്ന് മുതല്‍ ഇങ്ങോട്ട് വരെ ഏല്പിച്ച എല്ലാ പണികളും അദ്ദേഹം ഫലപ്രദമായി ചെയ്തിട്ടുണ്ട്. കെ കരുണാകരനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ എല്ലാ മുഖ്യമന്ത്രിമാരേയും പോലെ മികവാര്‍ന്ന പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ച്ച വെച്ചിട്ടുള്ളതെന്നും സതീശന് ക്ലോസ് എന്‍കൗണ്ടറില്‍ കൂട്ടിച്ചേര്‍ത്തു.