കൊവിഡിലും തളരാത്ത മലയാള സിനിമ; 2020ല്‍ കൈയ്യടി നേടിയ നാല് ഒടിടി റിലീസുകള്‍

മലയാള സിനിമയില്‍ വലിയ തീയറ്റര്‍ റിലീസുകള്‍ പ്രതീക്ഷിച്ചിരുന്ന വര്‍ഷമായിരുന്നു 2020. കൊവിഡ് മഹാമാരിയുടെ അപ്രതീക്ഷിത വരവോടെ ലോകം മുഴുവന്‍ നിലച്ചപ്പോള്‍ സിനിമ ലോകത്തെയും അത് ബാധിച്ചു. ഏകദേശം 25-ഓളം ചിത്രങ്ങളാണ് ലോക്ക്ഡൗണിന് മുമ്പ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ലോക്ക്ഡൗണിന് പിന്നാലെ തീയറ്ററുകള്‍ കൂടി അടച്ചതോടെ പുറത്തിറങ്ങാനിരുന്ന നിരവധി ചിത്രങ്ങള്‍ മാറ്റി വെക്കേണ്ടി വന്നു.
‘അഞ്ചാം പാതിര’, ‘ബിഗ് ബ്രദര്‍’, ‘ഷൈലോക്ക്’, ‘അന്വേഷണം’, ‘അയ്യപ്പനും കോശിയും’, ‘വരനെ ആവശ്യമുണ്ട്’, ‘ട്രാന്‍സ്’, ‘ഫോറന്‍സിക്’, ‘കപ്പേള’ എന്നീ ചിത്രങ്ങളാണ് 2020ല്‍ തീയറ്ററില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ചിലത്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘കപ്പേള’ എന്ന ചിത്രത്തോടെയാണ് ലോക്ക്ഡൗണിന്റെ വരവ്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘മാലിക്ക്’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മുടങ്ങിയതോടെ 2020ല്‍ മലയാള സിനിമ പൂര്‍ണ്ണമായും നിലച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും കൊവിഡ് എന്ന മഹാമാരിക്ക് മാറ്റം സംഭവിക്കാതിരുന്നപ്പോഴാണ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് മലയാള സിനിമ എത്തിയത്. കൊവിഡിന് മുമ്പും ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ 2020ലാണ് ആദ്യമായി മലയാള സിനിമ ഒടിടി റിലീസിനൊരുങ്ങിയത്.
ജയസൂര്യ, അതിഥി റാവു ഹൈദരി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അന്തരിച്ച ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. എന്നാല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയാണെന്ന നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ തീരുമാനത്തെ പ്രഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണച്ചില്ല. മരയ്ക്കാര്‍ അടക്കം വിലിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിനായി കാത്തിരിക്കുമ്പോള്‍ ഒടിടി റിലീസ് എന്നതിനെ തീയറ്റര്‍ ഓണേഴ്സ് അസോസിയേഷനും സ്വീകരിച്ചിരുന്നില്ല. പക്ഷെ ‘സൂഫിയും സുജാതയ്ക്കും’ ശേഷം ഒടിടി പ്ലാറ്റ്ഫോമുകളെ മലയാള സിനിമ സ്വീകരിക്കുകയായിരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മലായാള സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു.
കൊവിഡിലും തളരാതെ മലയാള സിനിമയ്ക്ക് ഈ വര്‍ഷവും തിളങ്ങാന്‍ സാധിച്ചത് ഒടിടി റിലീസുകളായ ഈ ചിത്രങ്ങളിലൂടെയാണ്.
- സീ യൂ സൂണ്‍
മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘സീ യൂ സൂണ്‍’ എന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച സിനിമയില്‍ ഫഹദ് ഫാസില്‍, റോഷന് മാത്യൂ, ദര്‍ശന രാജേന്ദ്രന് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്ത്യയിലെ ആദ്യ കംപ്യൂട്ടര്‍ സ്കീന് ചിത്രമായ സീ യൂ സൂണ്‍ വലിയ രീതിയിലുള്ള നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റെ ബാനറില്‍ ഫഹദും നസ്റിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണന് തന്നെയാണ് സീ യൂ സൂണിന്റെ എഡിറ്റിങും, ഛായാഗ്രാഹണവും നിര്‍വ്വഹിച്ചത്. സെപ്റ്റംബര്‍ 1-നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയത്.
- സൂഫിയും സുജാതയും
മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. ഹൃദയാഘാദം മൂലം ഡിസംബര്‍ 23ന് അന്തരിച്ച ഷാനവാസ് നരണിപ്പുഴയായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ജയസൂര്യ, അതിഥി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ പി ജയചന്ദ്രന് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020 ജൂലൈ 3നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയത്.
- ഹലാല്‍ ലൗ സ്റ്റോറി
സുഡാനിക്ക് ശേഷം സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് ഹലാല്‍ ലൗ സ്റ്റോറി. സിനിമയുടെ സംവിധായകന് സക്കറിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി, സക്കറിയ, മുഹസിന് പരാരി, സൈജു ശ്രീധരന്, അജയ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒക്ടോബര്‍ 15ാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയത്.
- കപ്പേള
നവാഗതനായ മുഹമ്മദ് മുസ്തഫയാണ് ‘കപ്പേള’ സംവിധാനം ചെയ്തത്. 2020 മാര്‍ച്ച് 6ല്‍ തീയറ്ററിലാണ് ആദ്യമായി ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ തീയറ്ററുകള്‍ അടച്ചു. റിലീസ് ചെയ്തെങ്കിലും വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചില്ല. പിന്നീട് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ജൂണ്‍ 22ന് റിലീസ് ചെയ്തപ്പോഴാണ് ‘കപ്പേള’ എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. അന്ന ബെന്‍, റോഷന് മാത്യൂ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെങ്കിലും തീയറ്ററുകള്‍ ഇനിയും തുറന്നില്ലെങ്കില്‍ വലിയ നഷ്ടമാണ് സിനിമ മേഖലയില്‍ ഉണ്ടാവുക. മഹേഷ് നാരായണന്റെ ‘മാലിക്ക്’ എന്ന ഫഹദ് ചിത്രം അടുത്ത വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തയോടെ തീയറ്ററുകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.
അതേസമയം ഉപാധികളോടെ തിയേറ്റര്‍ തുറക്കാന്‍ തയ്യാറാകണമെന്ന് അറിയിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. പത്ത് മാസത്തോളമായി തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. നവംബറില്‍ മുഖ്യമന്ത്രിയുമായി സിനിമ മേഖലയിലെ വിവിധ സംഘടനകള്‍ വീഡിയോ വോണ്ഫെറെന്സ് നടത്തിയിരുന്നു. ആ കോണ്ഫെറെന്വിലാണ് അംഗങ്ങള്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചത്. കേരളത്തില്‍ മുഴുവനായി 167 സ്ക്രീനുകളാണ് ഉള്ളത്. പാതിരായിരത്തോളം ജീവനക്കാരാണ് തിയറ്ററുകളുടെ ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്നത്. ബാറുകളും സ്കൂളുകളും തുറക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ തിയറ്ററുകളും തുറക്കണമെന്ന് ആവശ്യമാണ് അംഗങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.