2020 Year Ender Story

2020ൽ തുടക്കം കുറിച്ചത് ഇരുപതിലധികം സംവിധായകർ; ശ്രദ്ധിക്കപ്പെട്ടത്‌ നാലുപേർ മാത്രം

നിരവധി നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമിടയിലൂടെ മലയാള സിനിമയ്ക്ക് ഒരു വയസുകൂടെ കൂടുകയാണ്. കഴിഞ്ഞ വർഷം മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി, അത് കൊവിഡ് തന്നെയാണ്. കൊവിഡ് മൂലം 50ൽ താഴെ ചിത്രങ്ങൾ മാത്രമാണ് ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്തതത്.

മലയാള സിനിമയുടെ ഈ തൊണ്ണൂറ്റി മൂന്നാം വയസിൽ ഇരുപതിലധികം നവാഗത സംവിധായകരാണ് തുടക്കം കുറിച്ചത്. എന്നാൽ ഇവരിൽ ശ്രദ്ധേയമായാത് നാലുപേർ മാത്രം.

അനൂപ് സത്യൻ

മലയാളത്തിലെ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഈ വർഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു. ഏറെ പ്രതേകതകളുമായി ഒരുങ്ങിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിതാവ് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ശ്രേണിയിൽ ഒരുക്കിയ ചിത്രം മികച്ച വിജയം കൈവരിച്ചു. സുരേഷ് ഗോപി നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ചിത്രത്തിലെ താരത്തിന്റെ അഭിനയമികവ് പരമാവധി ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചു. വളരെ ചെറുതും ലളിതവുമായ കഥയെ മികച്ചതായി അനൂപ് സത്യന് ഒരുക്കി. അനൂപ് സത്യൻ എന്ന സംവിധായകനെ മാത്രമല്ല ദുൽഖർ സൽമാൻ എന്ന നിർമാതാവിന് കൂടെ ജന്മം നൽകിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഈ വര്ഷം പുറത്തിറങ്ങിയതിൽ കുടുംബ പ്രേക്ഷകർ ഏറെ സ്വീകരിച്ച ചിത്രമാണ് അനൂപിന്റെ വരനെ ആവശ്യമുണ്ട്.

മുഹമ്മദ് മുസ്തഫ

നടനും ദേശിയ പുരസ്‌കാര ജേതാവുമായ മുഹമ്മദ് മുസ്തഫ ഈ വർഷം കപ്പേള എന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പി ആദ്യമായി അണിഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിലെ തന്റെ തുടക്കം മികച്ചതാക്കാൻ മുഹമ്മദ് മുസ്തഫയ്ക്ക് സാധിച്ചു. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാർച്ച് ആദ്യ വാരത്തിൽ തീയേറ്ററിൽ റിലീസ് ചെയ്‌തെങ്കിലും ലോക്ക് ഡൗൺ മൂലം തീയേറ്ററുകൾ വിടേണ്ടി വന്നു. പിന്നീട് ഒടിടി റിലീസ് ചെയ്തപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാലിക പ്രസക്തമായ ഒരു വിഷയത്തെ വളരെ മികച്ച അവതരണ ശൈലിയിലൂടെ ഒരുക്കുന്നതിൽ മുഹമ്മദ് മുസ്തഫ എന്ന സംവിധായകൻ വിജയിച്ചു. ചിത്രത്തിൽ സംവിധായകൻ മുഹ്‌ഹമ്മദ് മുസ്തഫയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

അഖിൽ പോൾ – അനാസ്‌ ഖാൻ

2020ൽ തുടക്കം കുറിച്ച ഇരട്ട സംവിധായകാരൻ അഖിൽ പോലും അനാസ്‌ ഖാനും. ഇരുവരും ചേർന്നൊരുക്കിയ ത്രില്ലർ ചിത്രം ഫോറൻസിക്ക് ഈ വർഷത്തെ അവസാന തീയേറ്റർ വിജയം ആണ്. നവാഗത സംവിധായകരുടേതായ പോരായ്മകൾ ചിത്രത്തിൽ ഉടനീളം കാണാമെങ്കിലും ഒരു ത്രില്ലർ എന്ന രീതിയിൽ പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഇരുവർക്കും സാധിച്ചു. ടോവിനോ തോമസ്, മമ്ത മോഹൻദാസ്, റെബ മോണിക്ക ജോൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഹേഷ് നാരായണൻ, സച്ചി, മിഥുൻ മാനുവൽ തോമസ്, സക്കറിയ മുഹമ്മദ്, ഷാനവാസ് നരണിപ്പുഴ തുടങ്ങിയ സംവിധായകരുടെ മികച്ച സൃഷ്ടികളും ഈ വർഷം മലയാളം സിനിമ കണ്ടു. മലയാള സിനിമയ്ക്ക് മികച്ച രണ്ടു സംവിധായകരെ 2020ൽ നഷ്ടമാകുകയും ചെയ്തു. നരണിപ്പുഴ ഷാനവാസിന്റെയും സച്ചിയുടെയും വിയോഗം മലയാള സിനിമയ്ക്ക് അടക്കാനാവാത്ത വിടവ് സൃഷ്ടിച്ചിട്ടുണ്ട്.

Latest News