Top

‘പലസ്തീനൊപ്പമാണ്, കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കും തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കൊപ്പവുമാണ്’; നിലപാട് പറഞ്ഞ് ബെന്യാമിന്‍

വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എന്നും ആഗ്രഹിക്കുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു

16 May 2021 4:41 AM GMT

‘പലസ്തീനൊപ്പമാണ്, കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കും തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കൊപ്പവുമാണ്’; നിലപാട് പറഞ്ഞ് ബെന്യാമിന്‍
X

ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി എഴുത്തുകാരന്‍ ബെന്യാമിന്‍. സന്ദേഹങ്ങള്‍ക്ക് ഇടയില്ലാത്ത വിധം താന്‍ പലസ്തീന് ഒപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എന്നും ആഗ്രഹിക്കുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു. മ്യാന്‍മാറില്‍ രോഹിങ്ക്യകള്‍ക്കൊവുമാണെന്നും തിബറ്റില്‍ ബുദ്ധന്മാര്‍ക്കൊപ്പമാണെന്നും കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കൊപ്പമാണെന്നും തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കൊപ്പമാണെന്നും ഇറാഖില്‍ യസിദികള്‍ക്കൊപ്പമാണെന്നും സിറിയയില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പമാണെന്നും യുദ്ധത്തിന് മുന്‍പുള്ള ജര്‍മ്മനിയില്‍ ജൂതര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ?

ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.

എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.

ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം.

Next Story