‘ജൂതന്മാര്ക്കും ഇസ്രയേലികള്‍ക്കും ഇന്ത്യ സംരക്ഷണം നല്‍കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്’; ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികരണവുമായി നെതന്യാഹു
ഇന്നലെ വൈകീട്ടോടെ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു.

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
ഇന്നലെ വൈകീട്ടോടെ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ഇസ്രയേല്‍ എംബസിയ്ക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയ്ശങ്കറും ഇസ്രയേല്‍ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും ഇന്ത്യ വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.
എംബസി കെട്ടിടത്തിന് പുറത്തുള്ള നടപ്പായതിലാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഇന്നലെ വൈകീട്ട് 6 മണിയ്ക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റര്‍ ദൂരത്തായിരുന്നു സ്ഫോടനം. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ റിപബ്ലിക് ദിന സമാപന പരിപാടികള്‍ക്കായി വിജയ് ചൗക്കില്‍ എത്തിയിട്ടുണ്ട്.
സ്ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.