
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വാക്പോര് കനക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയവര്ക്ക് വാരിക്കോരി സീറ്റുകള്‍ നല്‍കിയതാണ് തിരിച്ചടിയായതെന്ന് ആര്‍എസ്എസ് വിമര്‍ശിച്ചു. സംഘടനയുടെ മുഖപത്രമായ ഓര്ഗനൈസറിലൂടെയായിരുന്നു വിമര്‍ശനങ്ങള്‍. മുഖപ്രസംഗത്തിന് പിന്നാലെ ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുകയായിരുന്നു.
തൃണമൂലില്‍ നിന്ന് വന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനെതിരെ ആര്‍എസ്എസ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിജെപി അത് അവഗണിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍. തൃണമൂല്‍ വിട്ടുവന്നവരെ ജനകീയത പഠിപ്പിക്കാതെ സീറ്റ് ന്ല്കരുതായിരുന്നുവെന്ന് ഓര്‍ഗനൈസര്‍ ബംഗാളിലെ പാളിയ പരീക്ഷണങ്ങള്‍ എന്ന ലേഖനത്തിലൂടെ വിമര്‍ശിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 77 സീറ്റുകളാണ് ലഭിച്ചത്. ഇത് മൂന്നാം തവണയാണ് മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ വ്യാപകമായ തൃണമൂല്‍- ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും തീയിടുകയുകയുമാണന്നൊണ് ബംഗാളിലെ ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട രണ്ട് ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെ 77ല്‍ നിന്നും 75 ആയി ചുരുങ്ങിയിരുന്നു. നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബംഗാളില്‍ ബിജെപി ഇത്തവണ അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരേയും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണും മമതക്ക് മുന്നില്‍ ബിജെപിക്ക് അടിപതറി. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.