
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം മലയാളസിനിമാരംഗത്തേക്കും വ്യാപിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ബിനീഷിന്റെയും കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേയും സിനിമാബന്ധങ്ങളാകും എന്‍സിബി അന്വേഷിക്കുക. എന്‍സി ബിയുടെ കൊച്ചി യൂണിറ്റ് നാല് സിനിമാതാരങ്ങളെ നാളെ പ്രാഥമികമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം മയക്കുമരുന്ന് കേസിലെ പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടപടിയാരംഭിച്ചു.
എന്‍ഫോഴ്സ്മെന്റ് അറസ്റ്റിലുള്ള ബിനീഷ് കോടിയേരിയുടെ കേസ് സംബന്ധിച്ച രേഖകള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാഡെ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ചോദ്യം ചെയ്യലില്നിന്നടക്കം ലഭിച്ച വിവരങ്ങളാണ് എന്‍സിബി ശേഖരിക്കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എന്‍സിബിയും ബിനീഷിനെ ചോദ്യം ചെയ്യും.
അനൂപ് മുഹമ്മദിനെ പ്രതിയാക്കി എന്‍സിബി രജിസ്റ്റര്‍ ചെയതിരിക്കുന്ന കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കുന്നതിനുള്ള പ്രാഥമിക നടപടിയായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെടുമെന്നാണ് സൂചന. ആഭ്യന്തരസുരക്ഷ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എന്‍ഐഎയും അന്വേഷണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മയക്ക് മരുന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷിക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.