പ്രതിയെന്ന് ഇ ഡി, പ്രതിചേര്‍ക്കാതെ എന്‍സിബി; ബംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ രണ്ട് തട്ടില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതിചേര്‍ത്തും പ്രതിചേര്‍ക്കാതെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കേസില്‍ ബിനീഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലാകട്ടെ മയക്കുമരുന്ന് കേസില്‍ ബിനാമി ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചതായാണ് പറയുന്നത്.

ബിനീഷിനെതിരായ കേസില്‍, ഇതോടെ രണ്ടുതട്ടിലായിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. 2020 ആഗസ്റ്റിലാണ് ബംഗളൂരു മയക്കുമരുന്ന് കേസില്‍ അനുപ് മുഹമ്മദി നെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനിഷ് കോടിയേരിയാണെന്ന് അനൂപ് എന്‍സിബിക്ക് മൊഴിനല്‍കിയത്. അന്വേഷണത്തില്‍ ബിനീഷും അനൂപും സാമ്പത്തിക ഇടപാട് നടത്തിയെന്നും എന്‍സിബി കണ്ടെത്തി. എന്നാല്‍ കേസില്‍ ബിനീഷിനെ ചോദ്യം ചെയ്‌തെന്നുമാത്രമാണ് എന്‍സിബിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബോസ് ആയിരുന്നു ബിനീഷ് കോടിയേരിയെന്നാണ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി പറയുന്നത്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് അനൂപ് എന്തും ചെയ്യുമെന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന് 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്തതായി മറ്റുള്ളവര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനുപിന് മയക്കുമരുന്ന് ഇടപാടുകളുടെ താവളമായിരുന്ന ഹോട്ടല്‍ വാങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്നായിരുന്നു അനുപ് നേരത്തെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പിന്നീട് താന്‍ ബിനാമിമാത്രമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിനെതിരെയുള്ള ഇഡിയുടെ കുരുക്ക് മുറുക്കിയത്.

നിലവില്‍ രണ്ട് കുറ്റപത്രങ്ങളും കോടതിയുടെ പരിഗണനയിലാണ്. അതേസമയം ബംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ അഭിഭാഷകര്‍. കുറ്റപത്രങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ഇവര്‍ കോടതിയെ സമീപിക്കുക.

Latest News