Top

തേജസ്വി സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എയുടെ പിഎയ്ക്ക് കരിഞ്ചന്തക്കാരുമായി നേരിട്ട് ബന്ധം; വീണ്ടും വിവാദം

തന്റെ സംഘത്തിലുള്ളവര്‍ക്ക് നേരെ ആരോപണങ്ങള്‍ തിരിഞ്ഞുവരുന്നത് തേജസ്വി സൂര്യയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്.

9 May 2021 1:38 AM GMT

തേജസ്വി സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എയുടെ പിഎയ്ക്ക് കരിഞ്ചന്തക്കാരുമായി നേരിട്ട് ബന്ധം; വീണ്ടും വിവാദം
X

വര്‍ഗീയ പരാമര്‍ശം നടത്തി ഒടുവില്‍ മാപ്പുപറഞ്ഞ് തടിതപ്പേണ്ടി വന്ന ബിജെപി എംപി തേജസ്വി സൂര്യ കരിഞ്ചന്തകേസില്‍ കൂടുതള്‍ വിവാദങ്ങലിലേക്ക്. കിടക്കകള്‍ കരിഞ്ചന്തയില്‍ വിറ്റുവെന്ന കേസുമായി തേജസ്വിയുമായി അടുപ്പമുള്ള ബിജെപി എംഎല്‍എയുടെ പിഎയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലാണ് പുത്തന്‍ വിവാദം. ബംഗളൂരുവിലെ കൊവിഡ് വാര്‍ റൂമില്‍ തിരച്ചിലിനെത്തുമ്പോള്‍ തേജസ്വിയ്‌ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എയുടെ പിഎയ്‌ക്കെതിരെയാണ് കുരുക്ക് മുറുകുന്നത്. കിടക്കകള്‍ മറിച്ചുവിറ്റ വിവാദത്തെത്തുടര്‍ന്ന് തേജസ്വി സൂര്യ പുറത്താക്കിയ 16 മുസ്ലീം ജീവനക്കാര്‍ക്കെതിരെ അന്വേഷണ സംഘത്തിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. തന്റെ സംഘത്തിലുള്ളവര്‍ക്ക് നേരെ ആരോപണങ്ങള്‍ തിരിഞ്ഞുവരുന്നത് തേജസ്വി സൂര്യയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്.

കർണാടകയിൽ കോവിഡ് രോഗികൾക്കായുള്ള ഐ സി യു ബെഡ് അനുവദിക്കുന്നതിൽ നടന്ന അഴിമതിയിൽ ബി ജെ പി എം എൽ എയുടെ പി എയുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരൻ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.ബ്രിഹത് ബാംഗ്ലൂരു മഹാനഗര പാലക് (BBMP)എന്ന പേരിൽ അറിയപ്പെടുന്ന സെൻട്രലൈസ്ഡ് സിസ്റ്റം വഴിയാണ് കോവിഡ് രോഗികൾക്കുള്ള ഐ സി യു ബെഡുകൾ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നത്. ബി ജെ പി എം പി സൂര്യയുടെ ആരോപണത്തെ തുടർന്ന് ബി ബി എം പി സൗത്ത് സോൺ വാർ റൂമ്മിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബി ബി എം പി വാർ ഓഫീസ് സന്ദർശിക്കാൻ ഇപ്പോൾ ആരോപണ വിധേയനായ എം എൽ എയും സൂര്യയെ അനുഗമിച്ചിരുന്നു.ഇതിനകം റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. സൗത്ത് സോൺ വാർ ഓഫീസിനു പുറമേ മറ്റ് എട്ടു വാർ റൂമുകളിലും പതിനാറു ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതേ തുടർന്നാണ് ബി ജെ പി എം എൽ എയുടെ പി എയുമായി അടുത്ത ബന്ധമുള്ളയാൾ ഇടനിലക്കാരനായി ഉൾപ്പെട്ടതായി കണ്ടെത്തിയത് ഇയാൾ വാർ റൂമിൽ സ്ഥിരം സന്ദർശകനായിരുന്നതായി ആരോപണമുണ്ട്. എന്നാൽ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഇയാളെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസിനായില്ല.

ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കൊവിഡ്​ ബെഡ്​ അനുവദിക്കുന്നതിൽ അഴിമതി നടത്തി എന്ന് തേജസ്വി സൂര്യയും രണ്ട് എംഎല്‍എമാരും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ തിരച്ചിലിനെത്തിയ ഇവര്‍ മുസ്ലീങ്ങള്‍ക്ക് നേരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതും 16 മുസ്ലീങ്ങളെ പുറത്താക്കിയതും പരക്കെ പ്രതിഷേധത്തിന് വഴിവെച്ചു. തുടര്‍ന്ന് സൂര്യയെ ശാസിച്ച് രംഗത്തെത്തിയ ശശി തരൂര്‍ മൃദുഭാഷ ഉപയോഗിച്ചതും വിവാദം ആളിക്കത്തിച്ചു.

‘എന്റെ യുവ സഹപ്രവർത്തകൻ തേജസ്വി സൂര്യ മിടുക്കനും കഴിവുള്ളവനുമാണ്​. പക്ഷെ ഈ തരത്തിലുള്ള സ്വഭാവങ്ങൾ ഉപേക്ഷിക്കണമെന്ന്​ ഞാൻ അദ്ദേഹത്തോട്​ അഭ്യർഥിക്കുന്നു’ എന്നായിരുന്നു സംഭവത്തെകുറിച്ചുള്ള തരൂരി​ന്റെ പോസ്​റ്റ്​.

എന്നാൽ വർഗീയവാദിയും നവനാസിയുമായ ഒരു വ്യക്തിയെ ഇങ്ങിനെ വെള്ളപൂശരുതെന്ന ഉപദേശവുമായി സമൂഹമാധ്യമങ്ങൾ രംഗത്ത് വരികയായിരുന്നു. നിരവധിപേർ വിമർശനങ്ങളുമായി എത്തിയതിനെ തുടർന്ന് തരൂർ വിശദീകരണ ട്വീറ്റുകളുമായി രംഗത്തുവരികയായിരുന്നു.

Next Story