Top

തേജസ്വി സൂര്യയുടെ ആരോപണങ്ങള്‍ തിരിഞ്ഞുകുത്തി; കരിഞ്ചന്തക്കേസില്‍ ബിജെപി എംഎല്‍എയുടെ സഹായി അറസ്റ്റില്‍

കരിഞ്ചന്തക്കേസിലെ ആരോപണത്തിന് പിന്നാലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിക്കുമ്പോള്‍ സതീഷ് റെഡിയും തേജസ്വി സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

26 May 2021 3:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തേജസ്വി സൂര്യയുടെ ആരോപണങ്ങള്‍ തിരിഞ്ഞുകുത്തി; കരിഞ്ചന്തക്കേസില്‍ ബിജെപി എംഎല്‍എയുടെ സഹായി അറസ്റ്റില്‍
X

കൊവിഡ് രോഗികള്‍ക്കായുള്ള കിടക്കകള്‍ കരിഞ്ചന്തയില്‍ വിറ്റ കേസില്‍ ബിജെപി എംഎല്‍എ സതീഷ് റെഡ്ഡിയുടെ സഹായി പിടിയില്‍. ഇയാളെ ബംഗളൂരു സിറ്റി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. വര്‍ഗീയ പരാമര്‍ശം നടത്തി ഒടുവില്‍ മാപ്പുപറഞ്ഞ് തടിതപ്പേണ്ടി വന്ന ബിജെപി എംപി തേജസ്വി സൂര്യ ഉയര്‍ത്തിവിട്ട കരിഞ്ചന്തക്കേസില്‍ ബിജെപി ബന്ധമുള്ളവര്‍ തന്നെ പിടിയിലാകുന്നത് വലിയ രീതിയില്‍ രാജ്യമെമ്പാടും ചര്‍ച്ചയാകുകയാണ്. കരിഞ്ചന്ത ആരോപണത്തിന് പിന്നാലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിക്കുമ്പോള്‍ സതീഷ് റെഡിയും തേജസ്വി സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

ബ്രിഹത് ബാംഗ്ലൂരു മഹാനഗര പാലക് (BBMP)എന്ന പേരിൽ അറിയപ്പെടുന്ന സെൻട്രലൈസ്ഡ് സിസ്റ്റം വഴിയാണ് കോവിഡ് രോഗികൾക്കുള്ള ഐ സി യു ബെഡുകൾ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നത്. ബിബിഎംപിയിലെ ചില ഉദ്യോഗസ്ഥര്‍ കിടക്കകള്‍ മറിച്ചുവിറ്റെന്നായിരുന്നു തേജസ്വി സൂര്യ ഉയര്‍ത്തിവിട്ട ആരോപണം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ കൊവിഡ് വാര്‍ റൂമിലെത്തി തേജസ്വി സൂര്യ മുസ്ലീം ജീവനക്കാരെ പുറത്താക്കിയതും വര്‍ഗീയ പരാമര്‍ശം നടത്തിയതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സൗത്ത് സോൺ വാർ ഓഫീസിനു പുറമേ മറ്റ് എട്ടു വാർ റൂമുകളിലും പതിനാറു ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതേ തുടർന്നുള്ള അന്വേഷണങ്ങളിലാണ് ബിജെപി എംഎല്‍എ സതീഷ് റെഡ്ഡിയുടെ സഹായിയും ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് നാല് പേര്‍ അറസ്റ്റിലായിരുന്നു.

Next Story