ബംഗാളില്‍ കോണ്‍ഗ്രസിനോട് അടുക്കാതെ ആര്‍ജെഡി, ബിജെപിക്കെതിരെ പിന്തുണ മമതയ്ക്ക്; തൃണമൂലിനോടൊപ്പം നില്ക്കാന് നിര്‍ദ്ദേശം ലാലു പ്രസാദിന്റേത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്ഗ്രസിനോടൊപ്പമില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തേജസ്വിയുടെ നിര്‍ണായക പ്രഖ്യാപനം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ തൃണമൂലിനോടൊപ്പം നില്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. ആര്‍ജെഡിയുടെ അമരക്കാരന് ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മമതയ്ക്ക് തേജസ്വിയുടെ പിന്തുണയെന്നാണ് വിവരം. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നതിനെ ചെറുക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെത്തിയ […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്ഗ്രസിനോടൊപ്പമില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തേജസ്വിയുടെ നിര്‍ണായക പ്രഖ്യാപനം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ തൃണമൂലിനോടൊപ്പം നില്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്.
ആര്‍ജെഡിയുടെ അമരക്കാരന് ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മമതയ്ക്ക് തേജസ്വിയുടെ പിന്തുണയെന്നാണ് വിവരം. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നതിനെ ചെറുക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
കൊല്‍ക്കത്തയിലെത്തിയ തേജസ്വിയെ മമത ബാനര്‍ജി അധ്യക്ഷയായ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. യൂത്ത് വിങ് മേധാവി അഭിഷേക് ബാനര്‍ജിയും മുതിര്‍ന്ന നേതാക്കളും കമ്മറ്റിയിലുണ്ട്. ഈ കൂടിക്കാഴ്ചയില്‍ വെച്ചാണ് തേജസ്വി പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.
‘ഇടതും കോണ്‍ഗ്രസുമായി ബീഹാറില്‍ മാത്രമാണ് ഞങ്ങള്‍ സഖ്യത്തിലുള്ളത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മമതാ ദീദിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്’, കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി പറഞ്ഞു. ബംഗാളില്‍ നിരവധി ഹിന്ദി വോട്ടുകളുണ്ടെന്നും മമതയെ പിന്തുണയ്ക്കാനുള്ള തീരുമാനം ലാലു പ്രസാദ് യാദവിന്റേതാണെന്നും തേജസ്വി വ്യക്തമാക്കി.
‘വര്‍ഗ്ഗീയ ശക്തികളെ അധികാരം കയ്യാളാന്‍ അനുവദിക്കരുതെന്നാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. ബീഹാറില്‍ ബിജെപി നടത്തിയ വാഗ്ദാനങ്ങളെല്ലാം പരാജയപ്പെട്ടുകഴിഞ്ഞു. ബീഹാറില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അതില്‍ തോറ്റു. ഇപ്പോള്‍ ബംഗാളിലും അത് ആവര്‍ത്തിക്കുന്നു’, ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ തേജസ്വി പറഞ്ഞു.
‘വര്‍ഗ്ഗീയ ശക്തികളെ തളര്‍ത്തുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളുള്ള സ്ഥലമാണ് ബംഗാള്‍. എവിടെയെല്ലാം ബിജെപി പോകുന്നുണ്ടോ അവിടമെല്ലാം അവര്‍ നശിപ്പിക്കുകയാണ്. വികസനത്തെക്കുറിച്ച് അവരൊരിക്കലും സംസാരിക്കുന്നില്ല. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍ എന്നല്ലാതെ മറ്റൊന്നും പറയുന്നുമില്ല. സമാദാനമാണ് നമുക്ക് വേണ്ടത്’, തേജസ്വി യാദവ് വിശദീകരിച്ചു.
ബീഹാറില്‍ കോണ്‍ഗ്രസുമായിട്ടായിരുന്നു ആര്‍ജെഡിയുടെ സഖ്യം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനം ആര്‍ജെഡി നേതാക്കളെ ചൊടിപ്പിച്ചിരുന്നെന്നാണ് വിവരം. ഇതാണോ ബംഗാളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്തതിന്റെ കാരണമെന്ന് വ്യക്തമല്ല. ബംഗാളില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമാണ് സഖ്യം.
തേജസ്വി യാദവ് ഒരു യുവ നേതാവാണെന്നും ബിഹാറില്‍ ജയിക്കുമെന്നുതന്നെയായിരുന്നു തന്റെ പ്രതീക്ഷയെന്നുമാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. ബീഹാറില്‍ തേജസ്വി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മമത അഭിനന്ദിച്ചു. ബംഗാളില്‍ തുടര്ഭരണമുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. ‘പിന്തുണയ്ക്കാനുള്ള ധൈര്യമാണ് ഏറ്റവും വലിയ കാര്യം. തേജസ്വി ഒരു പോരാട്ടത്തിലാണ്. നമ്മളും അതെ’.
ബിജെപിക്കെതിരെയും മമത ആഞ്ഞടിച്ചു. ‘അവര്‍ ബീഹാറില്‍ ബലം പ്രയോഗിച്ച് അധികാരത്തിലെത്തി. പക്ഷേ, ബംഗാളില്‍ അത് നടക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. അത് അംഗീകരിക്കാനാവില്ല’, അവര്‍ വിമര്‍ശിച്ചു.
തൃണമൂലും ആര്‍ജെഡിയും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാക്കളടങ്ങിയ സംഘം തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അസന്‍സോള്‍ അടക്കമുള്ള യാദവ വോട്ടുബാങ്കുകളില്‍ തേജസ്വി യാദവിന്റെ നിര്‍ണായക ഇടപെടലുകള്‍ മമതയ്ക്കായി ഉണ്ടായേക്കും. മമതയെ പിന്തുണയ്ക്കുന്നതിലൂടെ ബീഹാറില്‍നിന്ന് ബംഗാളിലേക്കും പാര്‍ട്ടിയെ വളര്‍ത്താനുള്ള ഉദ്ദേശവും തേജസ്വിക്കുണ്ട്.
മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടമായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.