തങ്ങളുടെ നേട്ടത്തില്‍ ദീദിക്കും ഗുണ്ടകള്‍ക്കും പരിഭ്രാന്തിയെന്ന് പ്രധാനമന്ത്രി, വെടിവെപ്പ് അമിത് ഷായുടെ ഗൂഢാലോചനയെന്ന് മമത; ബംഗാളില്‍ സംഘര്‍ഷം, സിആര്‍പിഎഫ് വെടിവെപ്പ്, പഴിചാരി മുന്നണികള്‍
കൊല്‍ക്കത്ത: നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബംഗാളിലെ കുച്ച് ബിഹാറിലെ പോളിംഗ് ബൂത്തില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പോളിങ് ഏജന്റും മരിച്ചു. പത്തന്തുളിയില് പതിനെട്ടുകാരനായ കന്നിവോട്ടറും കൊല്ലപ്പെട്ടിരുന്നു. ഹൗറയിലും സംഘര്‍ഷം രൂക്ഷമാണ്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ശീതള്കുച്ചിലെ ബൂത്തില്‍ പോളിംഗ് നിര്‍ത്തിവെച്ചു. സംഘര്‍ഷത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ചു. കുച്ച് ബിഹാറില്‍ നടന്നത് […]

കൊല്‍ക്കത്ത: നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബംഗാളിലെ കുച്ച് ബിഹാറിലെ പോളിംഗ് ബൂത്തില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പോളിങ് ഏജന്റും മരിച്ചു. പത്തന്തുളിയില് പതിനെട്ടുകാരനായ കന്നിവോട്ടറും കൊല്ലപ്പെട്ടിരുന്നു. ഹൗറയിലും സംഘര്‍ഷം രൂക്ഷമാണ്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ശീതള്കുച്ചിലെ ബൂത്തില്‍ പോളിംഗ് നിര്‍ത്തിവെച്ചു.
സംഘര്‍ഷത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ചു.
കുച്ച് ബിഹാറില്‍ നടന്നത് വേദനാകരമായ സംഭവമാണ്. മരിച്ചവരുടെ കുടുംബത്തിന് ഞാനെന്റെ ദുഖം അറിയിക്കുന്നു. ബിജെപിക്ക് സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ മമത ബാനര്‍ജിയും അവരുടെ ഗുണ്ടാസംഘവും പരിഭ്രാന്തിയിലാണ്.
നരേന്ദ്രമോദി
പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി മമത ബാനര്‍ജിയും രംഗത്തെത്തി. പോളിംഗ് സ്റ്റേഷന് വെടിവെപ്പിന് പിന്നില്‍ അമിത് ഷാ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച മമത ബാനര്‍ജി ആഭ്യന്തരമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ജയിക്കില്ലെന്ന് മനസിലാക്കിയ ബിജെപി ബോംബും അക്രമവും അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് മമത പറഞ്ഞു.
ബിഎസ്എഫ്, സിഐഎസ്എഫ് സേനകള്‍ ഗ്രാമങ്ങളില്‍ ജനങ്ങളെ പീഢിപ്പിക്കുകയാണ്. ബിജെപിക്ക് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് അവരെ ഭീഷണിപ്പെടുത്തുകയാണ്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നവരെ അവര്‍ വെടിവെച്ചുകൊല്ലുന്നു. ഇതിനെല്ലാം ധൈര്യം കൊടുത്തത് ആരാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്രയും അക്രമങ്ങളുണ്ടായിരുന്നില്ല, നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ 20 പേര് മരിച്ചു. അതില്‍ 13 പേര് ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരും.
മമത ബാനര്‍ജി
തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെ 9 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും അയാളുടെ ചികിത്സ പുരോഗമിക്കുന്നതിനിടെ അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സംഘം കൂട്ടമായി ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാനുള്ള ശ്രമമുണ്ടായതോടെയാണ് സംഘര്ഷമാരംഭിച്ചതെന്ന് പൊലീസ് പറയുന്നു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘര്‍ഷം രൂക്ഷമാണ്. കുച്ച് ബിഹാറില്‍ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. സംഘര്‍ഷ ബാധിത മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. 44 സീറ്റുകളിലേക്കാണ് ഇന്ന് നടക്കുന്ന നാലാംഘട്ട തെരഞ്ഞെടുപ്പ്. നാല് ഘട്ടം കൂടി ഇനി നടക്കാനുണ്ട്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.