Top

എറിക്‌സണു വേണ്ടി ഡെന്‍മാര്‍ക്ക് ഇന്നിറങ്ങും; പത്താം മിനിറ്റില്‍ ബെല്‍ജിയം ‘കൈയടിക്കും’

ഒരുനിമിഷം നിലച്ച ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയത്തിനു വേണ്ടി ഇന്നു ഡെന്‍മാര്‍ക്കിന്റെ മുഴുവന്‍ ഹൃദയവും മിടിക്കും. സൂപ്പര്‍ താരത്തിന്റെ അഭാവം നിഴലിക്കുന്ന നിരയുമായി ഡെന്‍മാര്‍ക്ക് ഇന്ന് യൂറോ കപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങും. എതിരാളികള്‍ എറിക്‌സന്റെ ക്ലബ് കൂട്ടുകാരന്‍ റൊമേലു ലുക്കാക്കുവിന്റെ ബെല്‍ജിയം. ഇരട്ടഗോളുകളുമായി പ്രിയ കൂട്ടുകാരന് കഴിഞ്ഞ മത്സരത്തില്‍ ആശംസാ ചുംബനങ്ങള്‍ നല്‍കിയ ലുക്കാക്കുവിനൊപ്പം ഇന്നു ബെല്‍ജിയം ടീഗ മുഴുവന്‍ എറിക്‌സണു വേണ്ടി കൈയടിക്കും. അതിനു വേണ്ടി പന്ത് പുറത്തേക്കടിക്കും.. എറിക്‌സന്‍ വേഗം സുഖംപ്രാപിച്ചു തിരിച്ചുവരാന്‍ വേണ്ടി […]

17 Jun 2021 12:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറിക്‌സണു വേണ്ടി ഡെന്‍മാര്‍ക്ക് ഇന്നിറങ്ങും; പത്താം മിനിറ്റില്‍ ബെല്‍ജിയം ‘കൈയടിക്കും’
X

ഒരുനിമിഷം നിലച്ച ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയത്തിനു വേണ്ടി ഇന്നു ഡെന്‍മാര്‍ക്കിന്റെ മുഴുവന്‍ ഹൃദയവും മിടിക്കും. സൂപ്പര്‍ താരത്തിന്റെ അഭാവം നിഴലിക്കുന്ന നിരയുമായി ഡെന്‍മാര്‍ക്ക് ഇന്ന് യൂറോ കപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങും.

എതിരാളികള്‍ എറിക്‌സന്റെ ക്ലബ് കൂട്ടുകാരന്‍ റൊമേലു ലുക്കാക്കുവിന്റെ ബെല്‍ജിയം. ഇരട്ടഗോളുകളുമായി പ്രിയ കൂട്ടുകാരന് കഴിഞ്ഞ മത്സരത്തില്‍ ആശംസാ ചുംബനങ്ങള്‍ നല്‍കിയ ലുക്കാക്കുവിനൊപ്പം ഇന്നു ബെല്‍ജിയം ടീഗ മുഴുവന്‍ എറിക്‌സണു വേണ്ടി കൈയടിക്കും. അതിനു വേണ്ടി പന്ത് പുറത്തേക്കടിക്കും..

എറിക്‌സന്‍ വേഗം സുഖംപ്രാപിച്ചു തിരിച്ചുവരാന്‍ വേണ്ടി ബെല്‍ജിയം ടീം മുഴുവന്‍ പ്രാര്‍ഥിക്കുന്നുവെന്നും അതിനു പ്രചോദനം പകരാന്‍ ഒരു നിമിഷം കളിനിര്‍ത്തി കൈയടിക്കുമെന്നും ഇന്നലെ നടന്ന പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ ലുക്കാക്കു പറഞ്ഞു.

ഇതിനായി മത്സരത്തിന്റെ 10-ാം മിനിറ്റില്‍ പന്ത് പുറത്തേക്ക് അടിച്ച് കളി നിര്‍ത്താനാണ് ബെല്‍ജിയം ടീം തീരുമാനിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്ക് നിരയില്‍ 10-ാം നമ്പര്‍ ജഴ്‌സിയാണ് എറിക്‌സണ്‍ അണിയുന്നത്. ഇതിന്റെ സ്മരണയിലാണ് 10-ാം മിനിറ്റില്‍ കളി നിര്‍ത്തി വയ്ക്കുന്നത്.

അതേസമയം എറിക്‌സണു വേണ്ടി യൂറോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്ന ഡെന്‍മാര്‍ക്കിന് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നു ജയിച്ചേ തീരൂ. ഞെട്ടലുണ്ടാക്കിയ ആദ്യ മത്സരത്തില്‍ ഫിന്‍ലന്‍ഡിനോടു തോറ്റ അവര്‍ക്ക് ഇനി ഒരു തോല്‍വി കൂടി താങ്ങാനാകില്ല.

മറുവശത്ത് ഒരു ജയം ബെല്‍ജിയത്തിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കും. ലുക്കാക്കുവാണ് ബെല്‍ജിയത്തിനു പ്രതീക്ഷ നല്‍കുന്നത്. ഹൃദയവേദനയില്‍ കിടക്കുന്ന പ്രിയ സുഹൃത്തിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതാവും ഇന്നു ലുക്കാക്കുവിന്റെ ഓരോ ടച്ചുകളും.

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍ ഡെന്‍മാര്‍ക്കിന് ഇന്ന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ യൂറോപ്പില്‍ അട്ടിമറിക്കു പേരുകേട്ട അവര്‍ക്ക് അസാധ്യമല്ല താനും അത്. എറിക്‌സണു പകരം ആരാകും ഇന്ന് അവരുടെ തുറുപ്പ് ചീട്ട് ആകുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

താരത്തിന്റെ അഭാവത്തില്‍ 4-3-3 എന്ന ശൈലിയിലേക്കാകും ഡെന്‍മാര്‍ക്ക് മാറുക. മുന്‍നിരയില്‍ കാസ്പര്‍ ഡോല്‍ബെര്‍ഗ്, മാര്‍ട്ടിന്‍ ബ്രെയ്ത്‌വെയ്റ്റ്- യൂസഫ് പോള്‍സണ്‍ എന്നിവരാകും അണിനിരക്കുക. മധ്യനിരയില്‍ മത്യാസ് ജെന്‍സന്‍-തോമസ് ഡെല്‍നെ-പിയറി ഹോയ്ബര്‍ഗ് എന്നിവര്‍ ഇറങ്ങും. പ്രതിരോധനിരയില്‍ ഡാനിയല്‍ വാസ്, നായകന്‍ സൈമന്‍ കെയര്‍, ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സന്‍, ജോക്വിം മഹെലെ എന്നിവരും ബാറിനു കീഴില്‍ കാസ്പര്‍ ഷ്‌മൈഷേലും ഉണ്ടാകും.

ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ബെല്‍ജിയത്തിന് പ്രതിരോധതാരം തിമോത്തി കസ്റ്റാഗ്‌നെയുടെ അഭാവമാണ് വലയ്ക്കുക. കണ്ണിനു പരുക്കേറ്റ് യൂറോയില്‍ നിന്നു പുറത്തായ കസ്റ്റാഗ്‌നെയ്ക്കു പകരം തോമസ് മ്യൂനിയറാകും ആദ്യ ഇലവനില്‍ ഇറങ്ങുക.

അതേസമയം പരുക്കില്‍ നിന്നു മുക്തരായ നായകന്‍ ഏഡന്‍ ഹസാര്‍ഡ്, സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയ്ന്‍, വിറ്റ്‌സല്‍ എന്നിവര്‍ക്കു ഇന്നും ബെഞ്ചിലാകും സ്ഥാനം. ലുക്കാക്കു നയിക്കുന്ന മുന്നേറ്റ നിരയില്‍ യാന്നിക് കരാസ്‌കോ, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവരാകും ഉണ്ടാകുക.

മ്യൂനിയറിനൊപ്പം തോര്‍ഗന്‍ ഹസാര്‍ഡ്, ടെലിമാന്‍സ്, ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍കര്‍ എന്നിവരാകും മഖ്യനിരയില്‍. തോമസ് വെര്‍മാലിന്‍-ഡെഡ്രിക് ബൊയാട്ട-ടോബി ആള്‍ഡെര്‍വിയേള്‍ഡ് എന്നിവര്‍ക്കാണ് പ്രതിരോധചുമതല. ബാറിനു കീഴില്‍ തിബൗട്ട് കോര്‍ട്ടോയിസും ഇറങ്ങും.

ഇന്ത്യന്‍ സമയം ഇന്നു രാത്രി 9:30-നാണ് മത്സരം. വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ യുക്രെയ്ന്‍ വടക്കന്‍ മസെഡോണിയയെയും രാത്രി 12:30ന് നടക്കുന്ന മത്സരത്തില്‍ ഹോളണ്ട് ഓസ്ട്രിയയെയും നേരിടും.

Next Story

Popular Stories