MA Yusuff Ali

വധശിക്ഷ കാത്തു കഴിയുന്ന പ്രവാസി മലയാളിക്ക് പുതുജീവൻ സമ്മാനിച്ച് യൂസഫലി; ഒരു കോടി രൂപ നൽകി പുറത്തിറക്കി

അബുദാബി: 2012 സെപ്റ്റംബർ ഏഴിനാണ് തൃശൂർ സ്വദേശിയായ ബെക്സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂർ പുത്തൻച്ചിറ ചെറവട്ട സ്വദേശിയായ ബെക്സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബർ ഏഴിന് ബെക്സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാൻ സ്വദേശിയായ ബാലൻ കൊല്ലപ്പെട്ടു. അന്വേഷണത്തിൽ ബെക്സിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്സിന് പ്രതികൂലമായി.

കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂർവ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്സിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാൻ ബാലന്റെ കുടുംബം മാപ്പ് നൽകുക മാത്രമായിരുന്നു ബെക്സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാർ​ഗം. ആദ്യഘട്ടത്തിൽ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്സിന്റെ സർവ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാർ​ഗമെന്നോണം ലുലു ​ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യർത്ഥിച്ച് ബെക്സിന്റെ കുടുംബം രം​ഗത്തുവന്നു.

ബെക്സിന്റെ വിഷയത്തിൽ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നൽകി. ​ദീർഘനാൾ നീണ്ട ഒത്തുതീർപ്പ് ചർച്ചകൾ യുസഫലിയുടെ നേതൃത്വത്തിൽ നടന്നു. ഒരുഘട്ടത്തിൽ സുഡാൻ ബാലന്റെ കുടുംബക്കെ യുഎഇയിലെത്തിച്ച് ചർച്ചകൾ കൂടുതൽ ശക്തിപ്പെടുത്തി. ഒടുവിൽ മാപ്പ് നൽകാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിർഹമാണ് നൽകാൻ ധാരണയായത്. അഞ്ച് ലക്ഷം ദിർഹം എന്നാൽ ഏതാണ്ട് ഒരു കോടി രൂപയോളം വരും. കോടതി കുടുംബത്തിന്റെ മാപ്പ് അം​ഗീകരിച്ചതോടെ ബെക്സിന് പുതുജീവനാണ് തിരികെ ലഭിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിൽ അഞ്ച് ലക്ഷം ദിർഹം കോടതിയിൽ കെട്ടിവെച്ച യുസഫലി ബെക്സിനെ ജയിൽ മോചിതനാവുമെന്ന് ഉറപ്പാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യാപാരിയായ യൂസഫലി വലിയൊരു മാതൃകയാണ് ബെക്സിനോട് കാണിച്ചത്.നിയമനടപടികൾ പൂർത്തിയാക്കി ബെക്‌സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. രു നിമിഷത്തെ കയ്യബദ്ധത്തിൽ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ അദ്ദേഹം വന്നതെന്ന് ബെക്സ് പ്രതികരിച്ചു. ദൈവത്തിന് നന്ദിയെന്നായിരുന്നു യൂസഫലി ഒത്തുതീർപ്പിന് ശേഷം പറഞ്ഞത്.

Covid 19 updates

Latest News