പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടി ഫോറസ്റ്റുക്കാരുടെ പിടിയില്‍

പള്ളിക്കല്‍ പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടി ഫോറസ്റ്റ്കാരുടെ കെണിയിലായി. ചാത്തനൂര്‍, പള്ളിക്കല്‍, കല്ലമ്പലം, നഗരൂര്‍, പോരേടം, നാവായികുളം തുടങ്ങിയ സ്ഥലങ്ങളില്‍ കരടി ജനജീവിതത്തിന് സാരമായ ഭീക്ഷണി സൃഷ്ടിച്ചിരുന്നു. കരടിയുടെ ശല്യം കാരണം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്താല്‍ രാവിലെയുള്ള റബ്ബര്‍ ടാപ്പിംഗ് നിര്‍ത്തിവച്ചിരുന്നു. കൊവിഡ് കാലത്ത് ഉണ്ടായിരുന്ന വരുമാനത്തെ ഇത് സാരമായ് ബാധിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.

പൊതുജനങ്ങളും,പഞ്ചായത്തും,വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്രശ്രമത്തില്‍ ആയിരുന്നു. ഒടുവില്‍ കരടിശല്യം രൂക്ഷമായ പള്ളിക്കല്‍-കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട്, കെട്ടിടം മുക്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൂട്ടിലാണ് കരടി പെട്ടത്. ഉള്‍വനത്തില്‍ മാത്രം ജീവിച്ചുവരുന്ന കരടി ജനവാസ മേഖലയില്‍ എത്തിപ്പെട്ടതിനെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും അത്ഭുതത്തിലാണ്.

അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരടിയെ കുടുക്കിയത്. കരടിയെ മയക്കുവെടി വെച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് കരടി കെണിയിലായത്.

Latest News