Top

‘അണഞ്ഞത് അറിവിന്റെയും ആത്മീയതയുടെയും ദീപം’; സ്വാമി പ്രകാശാനന്ദയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അറിവിന്റെയും ആത്മീയതയുടെയും ദീപമായിരുന്നു സ്വാമി പ്രകാശാനന്ദ ജി. ദരിദ്രരില്‍ ദരിദ്രരെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങള്‍. ശ്രീ നാരായണ ഗുരുവിന്റെ ശ്രേഷ്ഠമായ ആശയങ്ങളെ ജനകീയമാക്കുന്നതിന് അദ്ദേഹം നേതൃത്വം കൊടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വേദന രേഖപ്പെടുത്തുന്നു’- പ്രധാമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന സ്വാമി പ്രകാശാനന്ദ 99-ാം വയസിലാണ് അന്തരിച്ചത്. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു […]

7 July 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അണഞ്ഞത് അറിവിന്റെയും ആത്മീയതയുടെയും ദീപം’; സ്വാമി പ്രകാശാനന്ദയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
X

വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അറിവിന്റെയും ആത്മീയതയുടെയും ദീപമായിരുന്നു സ്വാമി പ്രകാശാനന്ദ ജി. ദരിദ്രരില്‍ ദരിദ്രരെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങള്‍. ശ്രീ നാരായണ ഗുരുവിന്റെ ശ്രേഷ്ഠമായ ആശയങ്ങളെ ജനകീയമാക്കുന്നതിന് അദ്ദേഹം നേതൃത്വം കൊടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വേദന രേഖപ്പെടുത്തുന്നു’- പ്രധാമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന സ്വാമി പ്രകാശാനന്ദ 99-ാം വയസിലാണ് അന്തരിച്ചത്. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളുമായി ചികില്‍സയിലായിരുന്നു അദ്ദേഹം. സ്വാമി പ്രകാശാനന്ദയെ ഇന്ന് വൈകീട്ട് അഞ്ചിന് സമാധിയിരുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

1922 ഡിസംബറിലാണ് പ്രകാശാനന്ദയുടെ ജനനം. 23 മത്തെ വയസ്സിലാണ് അ്‌ദേഹം സന്യാസ ദീക്ഷ സ്വീകരിക്കുന്നത്. 1977ല്‍ ജനറല്‍ സെക്രട്ടറിയായും 2006 മുതല്‍ പത്തുവര്‍ഷം ശിവഗിരി ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു.

ശിവഗിരി കേന്ദ്രീകരിച്ചായിരുന്നു വലിയൊരു കാലം സ്വാമി പ്രകാശാനന്ദയുടെ പ്രവര്‍ത്തനം. നരേന്ദ്രമോദി പ്രധാന മന്ത്രിയാവുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ ശിവഗിരിയില്‍ എത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിവിധ ഭരണ കുടങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശാനന്ദ ഈ അടുപ്പം ശിവഗിരിയുടെ പുരോഗമനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ശിവ ഗിരി മഠത്തില്‍ ഏറ്റവും ഉന്നതിയിലുള്ള വ്യക്തിത്വം എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ജാതി മത സാംസ്‌കാരിക തലങ്ങളില്‍ വലിയ സൗഹൃദ ബന്ധങ്ങളുള്ള വ്യക്തികൂടിയായിരുന്നു സ്വാമി പ്രകാശാനന്ദ.

Also Read: ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

Next Story