
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലില്‍ ആദ്യ ടെലി ഐസിയു നിലവില്‍ വന്നു. മൈത്ര ഹോസ്പിറ്റലുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലാണ് ഇത്തരമൊരു നടപടി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടെലി ഐസിയു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എംഎല്‍എ കെ പ്രദീപ് അധ്യക്ഷത വഹിച്ചു.
പദ്ധതിക്ക് വേണ്ടി സാങ്കേതികവും ചികിത്സാ സംബന്ധവുമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൈത്ര ഹോസ്പിറ്റല്‍ നല്കുമ്പോള്, സാങ്കേതികമായ പിന്തുണ നല്‍കുന്നത് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന് ആണ്. ഇരുപത്തിനാല് മണിക്കൂറുമുള്ള ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണത്തിലൂടെ ഗുരുതര രോഗങ്ങള്‍ക്ക് വേണ്ട പരിചരണങ്ങള്‍, കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ നല്കുന്നതില് സംഭവിക്കുന്ന വീഴ്ചകളും അണുബാധയെ തുടര്‍ന്നുള്ള അപകടസാധ്യതയും കുറക്കാനുള്ള നടപടികള്‍ എന്നിങ്ങനെ അത്യന്തം ജാഗ്രത വേണ്ട മേഖലകളില്‍ കൃത്യത വാഗ്ദാനം ചെയ്യുകയാണ് ഈ സംരംഭം.
‘ആരോഗ്യമേഖലയെ ബൃഹത്തായ ആവാസവ്യവസ്ഥ ആക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം തന്നെ’, മൈത്ര ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസല്‍ ഇ കൊട്ടിക്കോളന് പറഞ്ഞു. ‘നിലവില്‍ ഈ രംഗത്ത് ഗൗരവമായി പ്രവര്‍ത്തിക്കുന്നവരുടെ അഭാവമുണ്ട്, കൂടാതെ മഹാമാരി ഈ വിടവിനെ കൂടുതല്‍ പ്രത്യക്ഷമാക്കുകയും ആഗോള തലത്തില്‍ തന്നെ ആതുരരംഗത്തെ ന്യൂനതകള്‍ വെളിപ്പെടുത്തുകയും ചെയ്തു,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഡോക്ടര്‍മാര്‍ക്ക് അവരുടെ ‘ആയുധശേഖര’ത്തില്‍ കൂടുതല്‍ സാങ്കേതികമായ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ആരോഗ്യസംരക്ഷണ രംഗത്തെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശരിയായ സമയമാണിത്. മൈത്ര ഹോസ്പിറ്റല്‍ ഈ രംഗത്ത് എന്നും മുന്‍ നിരയിലുണ്ടെന്നത് ഞങ്ങള്‍ക്ക് അഭിമാനാര്‍ഹം തന്നെയാണ്’ ഫൈസല്‍ ഇ കൊട്ടിക്കോളന് സൂചിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു, ബീച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഉമ്മര്‍ ഫാറൂഖ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ ഡോക്ടര്‍ എ നവീന്‍, മൈത്ര ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസല്‍ ഇ കൊട്ടിക്കോളന്, മൈത്ര ഹോസ്പിറ്റല്‍ സിഇഒ ഡോക്ടര്‍ പി മോഹനകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.