‘ഡയാനയുടെ വിവാഹ ജീവിതത്തെക്കുറിച്ചറിയാന്‍ റിപ്പോര്‍ട്ടര്‍ പലതും കെട്ടിച്ചമച്ചു’; കോളിളക്കം സൃഷ്ടിച്ച 1995ലെ അഭിമുഖത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബിബിസി
അഭിമുഖം നടത്തിയ റിപ്പോർട്ടർ ബഷീർ ഡയാനയെ പങ്കെടുപ്പിക്കാനായി ‘വ്യാജ രേഖകൾ’ ഉപയോഗിച്ചു എന്നാണ് ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ ആരോപിക്കുന്നത്.

1995ൽ ബിബിസി സംപ്രേക്ഷണം ചെയ്ത ഡയാന രാജകുമാരിയുടെ പ്രശസ്തമായ അഭിമുഖത്തിന് മേൽ അന്വേഷണം ഏർപ്പെടുത്തി ബിബിസി. അഭിമുഖം നടത്തിയ ബിബിസിയുടെ പ്രോഗ്രാം റിപ്പോർട്ടർ മാർട്ടിൻ ബഷീറിനെതിരെയാണ് ചാനൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ചാൾസ് രാജകുമാരനുമായുള്ള തന്റെ വിവാഹബന്ധത്തിലെ പാളിച്ചകളും മറ്റും ഡയാന തുറന്നു പറയുന്നത് കോളിളക്കം സൃഷ്ടിച്ച ഈ അഭിമുഖത്തിലാണ്. അഭിമുഖം നടത്തിയ റിപ്പോർട്ടർ ബഷീർ ഡയാനയെ പങ്കെടുപ്പിക്കാനായി ‘വ്യാജ രേഖകൾ’ ഉപയോഗിച്ചു എന്നാണ് ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ ആരോപിക്കുന്നത്.
വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളെ അധിഷ്ഠിതമാക്കി അവതരിപ്പിക്കുന്ന ബിബിസിയുടെ ‘പനോരമ’ എന്ന പ്രോഗ്രാമിലൂടെയാണ് ഡയാനയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. അഭിമുഖത്തിൽ, ചാൾസ് രാജകുമാരനുമായുള്ള തന്റെ വിവാഹബന്ധം തകർന്നതെന്ത് കൊണ്ടെന്നും മറ്റും ഡയാന വിശദീകരിച്ചിരുന്നു. റെക്കോർഡ് സൃഷ്ടിച്ച പ്രസ്തുത പരിപാടി 22.8 ദശലക്ഷം പേരാണ് കണ്ടത്.
പിന്നീട് ധാരാളം വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിയിട്ട ഡയാനയുടെ പ്രസ്താവനകളിൽ പലതും ഈ അഭിമുഖത്തിന്റെ ഭാഗമായിരുന്നു. ‘എന്റെ വൈവാഹിക ജീവിതത്തിൽ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു, ഞാനും ചാൾസും, ചാൾസിന്റെ ദീർഘകാല കാമുകി കാമില്ല പാർക്കറും’, ഡയാന അഭിമുഖത്തിൽ പറഞ്ഞിരുന്നു. താനും ആ ബന്ധത്തിൽ അവിശ്വസ്ത ആയിരുന്നു എന്നും ഡയാന തുറന്നു പറയുന്നുണ്ട്. തുടർന്ന് തൊട്ടടുത്ത വർഷം ഇരുവരും വിവാഹമോചിതർ ആവുകയും വൈകാതെ ഡയാന കാർ അപകടത്തിൽ പെട്ട് മരിക്കുകയും ആയിരുന്നു.
അന്തരിച്ച രാജകുമാരിയുടെ സഹോദരൻ ചാൾസ് സ്പെന്‍സറിന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നതെന്ന് അറിയിച്ച ബിബിസി അന്വേഷണത്തിന്റെ ചുമതല മുൻ സുപ്രിം കോടതി ജഡ്ജി ജോൺ ഡൈസനാണ് എന്നും വ്യക്തമാക്കി. അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ബിബിസി ബുധനാഴ്ച പ്രഖ്യാപിച്ചു.
ഡയാനയെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നതിനായി ബഷീർ വ്യാജരേഖകളും മോശം രീതികളും ഉപയോഗിച്ചുവെന്ന് ആരോപിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡയാനക്ക് മേൽ ചാരപ്പണി നടത്തുന്നതിന് അവരുടെ തന്നെ സ്റ്റാഫ് അംഗങ്ങൾക്ക് പണം നൽകിയെന്ന് അവകാശപ്പെടുന്നതുൾപ്പെടെ പല നിന്ദ്യമായ മാർഗ്ഗങ്ങളും ബഷീർ ഉപയോഗിച്ചു എന്ന് ആരോപണമുണ്ട്.
അന്വേഷണത്തിനുള്ള നിബന്ധനകൾ ബിബിസി വ്യക്തമാക്കി. അഭിമുഖം നടത്തിയ പ്രോഗ്രാം റിപ്പോർട്ടർ മാർട്ടിൻ ബഷീറിനെ കേന്ദ്രീകരിച്ചാവും പ്രധാനമായും അന്വേഷണം നടക്കുക. കൂടാതെ സ്റ്റാഫ് അംഗങ്ങൾക്ക് പണം നൽകിയെന്ന് തെളിയിക്കാനുള്ള വ്യാജ രേഖകളും അന്വേഷണത്തിൽ ഉൾപ്പെടും. സുപ്രധാനമായ ഈ അന്വേഷണം താൻ ഉടൻ തന്നെ ആരംഭിക്കുമെന്നും, ഇത് സമഗ്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കുമെന്നും ജോൺ ഡൈസൻ പ്രസ്താവിച്ചു.
എന്നാൽ ഈ വാർത്തകളോടും നടപടികളോടുമൊന്നും ബഷീർ പ്രതികരിച്ചിട്ടില്ല. കൊറോണ ബാധിച്ചതിനെ തുടർന്ന് ബഷീർ ഗുരുതരാവസ്ഥയിലായിരുന്നു എന്ന് ബിബിസി അറിയിച്ചു. അതേ സമയം ബഷീറിന്റെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ആരോപണങ്ങൾ ആദ്യം പുറത്തുവന്നപ്പോൾ ബിബിസി അതെല്ലാം മറച്ചുവെച്ചതായും ആരോപണമുണ്ട്.