മേയറുടെ വേതനം അടിസ്ഥാന സര്‍ക്കാര്‍ ശമ്പളത്തേക്കാള്‍ കുറവ്; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തം
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണറേറിയം എന്ന പേരില്‍ നല്കുന്ന പ്രതിഫലം വര്ധിക്കമെന്ന ആവശ്യം ശക്തമാകുന്നു. തികച്ചും അപര്യാപ്തമായ തുകയാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും അതില്‍ വര്‍ധന ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ഓണറേറിയം എന്ന പേരില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് ലഭിക്കുന്ന 7000 രൂപ വളരെ കുറവാണെന്നാണ് കോതമംഗലം മുന്സിപില് 19-വാര്‍ഡ് കൗണ്‍സിലറും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപരിചയമുള്ള പ്രതിനിധിയുമായ എജി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ‘പരിമിതമായ തുകയാണ് അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. നിലവിലെ […]

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണറേറിയം എന്ന പേരില്‍ നല്കുന്ന പ്രതിഫലം വര്ധിക്കമെന്ന ആവശ്യം ശക്തമാകുന്നു. തികച്ചും അപര്യാപ്തമായ തുകയാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും അതില്‍ വര്‍ധന ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
ഓണറേറിയം എന്ന പേരില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് ലഭിക്കുന്ന 7000 രൂപ വളരെ കുറവാണെന്നാണ് കോതമംഗലം മുന്സിപില് 19-വാര്‍ഡ് കൗണ്‍സിലറും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപരിചയമുള്ള പ്രതിനിധിയുമായ എജി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
‘പരിമിതമായ തുകയാണ് അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. നിലവിലെ സാമ്പത്തികസാഹചര്യത്തില്‍ അത് വര്‍ധിപ്പിക്കണമെന്ന് എങ്ങനെയാണ് നമുക്ക് ആവശ്യപ്പെടാന്‍ സാധിക്കുക. അപര്യാപ്തമായ തുക തന്നെയാണ്, കൂട്ടിക്കൊടുക്കേണ്ടതാണ്. മെമ്പറുടെ ജോലി തന്നെ, ഒരു ദിവസം മുഴുവന്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കേണ്ടി വരുന്നതാണ്. തിരക്കായിരിക്കും. കുടുംബത്തിലെ മുഖ്യവരുമാനദാതാവ് അല്ലാ മെമ്പറാകുന്നതെങ്കില് കുഴപ്പമില്ല. സാമ്പത്തികഭദ്രതയുള്ളവര്ക്കും വീട്ടമ്മമാര്‍ക്കും പ്രയോജനപ്പെടുമായിരിക്കും. എന്നാല്‍ കുടുംബനാഥന്മാര്ക്ക് അത് സാധ്യമായേക്കില്ല. പദ്ധതികളില്‍ നിന്ന് കമീഷന് വാങ്ങുന്നത് ചില അംഗങ്ങളുടെ ജന്മവാസനയാണ്. അത് സര്‍ക്കാര്‍ നല്കുന്ന തുക കുറഞ്ഞത് കൊണ്ടായിരിക്കില്ല. എന്നാല്‍ സത്യസന്ധമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരിക്കലും കമീഷന് കൈപ്പറ്റില്ല. കമീഷന് പരിപാടി അനുവദിക്കരുത്. അതൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതല്ല.’
2016ലാണ് ജനപ്രതിനിധികളുടെ പ്രതിമാസ വരുമാനം അവസാനമായി പുതുക്കിയത്. അതുപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 13,200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് 8200 രൂപയും മെമ്പര്‍മാര്‍ക്ക് 7000 രൂപയുമാണ് മാസം ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിമാസ വരുമാനം 14,600 രൂപയും, വൈസ് പ്രസിഡന്റിന് 12,000, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് 8800, മെമ്പര്‍മാര്‍ 7600 രൂപയും എന്നിങ്ങനെയാണ് ലഭിക്കുന്ന പ്രതിമാസ വരുമാനം.
തദ്ദേശസ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്തിലെത്തുന്ന ജനപ്രതിനിധികള്‍ക്കാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് 15,800, വൈസ് പ്രസിഡന്റിന് 13,200, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് 9,400, മെമ്പര്‍മാര്‍ക്ക് 8,800 രൂപ വീതമാണ് ലഭിക്കുന്നത്. മുന്സിപ്പാലിറ്റിയിലേക്കെത്തുമ്പോഴും തുകയില്‍ കാര്യമായ വ്യത്യാസമില്ല. മുന്‍സിപ്പാലിറ്റി ചെയര്മാന് 14,600, വൈസ് ചെയര്മാന് 12,000, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് 8,800, കൗണ്‍സിലര്‍ക്ക് 7,600 രൂപ വീതമാണ് ഓണറേറിയം ലഭിക്കുന്നത്.
കോര്‍പ്പറേഷനുകളിലെ ജനപ്രതിനിധികളുടെ വരുമാനവും തുച്ഛമാണ്. മേയറിന് 15,800, ഡെപ്യൂട്ടി മേയര്‍ 13,200, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് 9,400, കൗണ്‍സിലര്‍ക്ക് 8,200 രൂപ വീതവുമാണ് ഓണറേറിയം ലഭിക്കുന്നത്. ഇതിന് പുറമെ മെമ്പര്‍മാര്‍ക്ക് ഹാജര്‍ ബത്തയായി തീരുമാനിച്ചിരിക്കുന്നത് 200 രൂപയാണ്. ഇതില്‍ ഒരുമാസം എഴുതിയെടുക്കാന്‍ സാധിക്കുന്ന പരമാവധി തുക 1,000 രൂപയാണ്. മെമ്പര്‍മാര്‍ക്ക് മുകളിലുള്ള ജനപ്രതിനിധികള്‍ക്ക് 250 രൂപവീതമാണ് ഹാജര്‍ ബത്ത, ഒരുമാസം പരമാവധി തുക 1,250 രൂപയാണ്.