‘ചാണക രാഷ്ട്രീയം കളിക്കുന്നവന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ കീഴടങ്ങരുത്’; സാബുവിന് സര്‍ക്കാരും ജനവും തന്റെ കാല്ക്കീഴില് വീണ് കിടക്കണമെന്ന ധിക്കാരഭാവമെന്ന് ബഷീര്‍ വള്ളിക്കുന്ന്
സാബു ജേക്കബിന്റെ പ്രശ്നം കിറ്റെക്സിന്റെ വ്യാവസായിക വളര്‍ച്ചയേക്കാള്‍ രാഷ്ട്രീയ വളര്‍ച്ചയാണെന്ന് സാമൂഹിക നിരീക്ഷകന് ബഷീര്‍ വള്ളിക്കുന്ന്. കുറച്ച് കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും ഇടത് വലത് മുന്നണിക്കള്‍ക്കെതിരെ സമര്‍ത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയമാണതെന്നും ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. കിറ്റെക്സ് വിഷയത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച് കണ്ടത്. എന്നാല്‍ അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് സര്‍ക്കാരും ജനങ്ങളും തന്റെ കാല്ക്കീഴില് വീണ് കിടക്കണമെന്ന ധിക്കാരമനോഭാവമാണ് സാബു […]
9 July 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാബു ജേക്കബിന്റെ പ്രശ്നം കിറ്റെക്സിന്റെ വ്യാവസായിക വളര്‍ച്ചയേക്കാള്‍ രാഷ്ട്രീയ വളര്‍ച്ചയാണെന്ന് സാമൂഹിക നിരീക്ഷകന് ബഷീര്‍ വള്ളിക്കുന്ന്. കുറച്ച് കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും ഇടത് വലത് മുന്നണിക്കള്‍ക്കെതിരെ സമര്‍ത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയമാണതെന്നും ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. കിറ്റെക്സ് വിഷയത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച് കണ്ടത്. എന്നാല്‍ അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് സര്‍ക്കാരും ജനങ്ങളും തന്റെ കാല്ക്കീഴില് വീണ് കിടക്കണമെന്ന ധിക്കാരമനോഭാവമാണ് സാബു പ്രകടിപ്പിച്ചതെന്നും ബഷീര്‍ പറഞ്ഞു.
ബഷീര്‍ വള്ളിക്കുന്ന് പറയുന്നു: കിറ്റെക്സ് മുതലാളിയുടെ ഡ്രാമ വല്ലാതെ ഓവറാകുന്നുണ്ട്. ‘ആട്ടും തുപ്പും ചവിട്ടും തൊഴിയും സഹിച്ച് എത്ര കാലം കേരളത്തില്‍ നില്ക്കാന് പറ്റും’ എന്നാണ് തെലുങ്കാനയിലേക്ക് പോകുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് അയാള്‍ ചോദിക്കുന്നത്. കിറ്റെക്സ് പിച്ച വെച്ചതും വളര്‍ന്നതും കേരളത്തിന്റെ മണ്ണില്‍ നിന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടികളുടെ വ്യവസായിയായി സാബുവിനെയും അദ്ദേഹത്തിന്റെ പിതാവിനേയും വളര്‍ത്തിയത് കേരളമാണ്.. ഇവിടത്തെ തൊഴിലാളികളും മാറിമാറി വന്ന സര്‍ക്കാറുകളും കിറ്റെക്സ് ഉത്പന്നങ്ങള്‍ക്ക് വിപണി നല്കിയ ഇവിടത്തെ ജനങ്ങളും തന്നെയാണ് ആ വ്യവസായത്തിന്റെ ഏറ്റവും വലിയ മൂലധനം. ആ അടിത്തറയില്‍ നിന്നാണ് സാബു വളര്‍ന്നത്. അയാള്‍ തല മറന്നാണ് ഇപ്പോള്‍ എണ്ണ തേക്കുന്നത്.
കുറച്ച് കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ട്, ഇടത് വലത് മുന്നണിക്കെള്ക്കെതിരെ സമര്‍ത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയം. അതിന്റെ അന്തര്‍ധാര ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തൊഴുത്തിലേ അവസാനിക്കൂ എന്ന് അല്പം രാഷ്ട്രീയ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അയാളുടെ പ്രശ്നം കിറ്റെക്സിന്റെ വ്യാവസായിക വളര്‍ച്ചയേക്കാള്‍ അയാളുടെ രാഷ്ട്രീയ വളര്‍ച്ചയാണ്. സംഘപരിവാരം വളരെ ആഴത്തില്‍ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ അതിനൊപ്പിച്ച ചില ചുവടുകള്‍ സമര്‍ത്ഥമായി ചവിട്ടുകയാണ് അയാള്‍. ആ പരിവാര രാഷ്ട്രീയത്തിന് ഒട്ടും കീഴടങ്ങാതെ നില്ക്കുന്ന കേരളമെന്ന ഈ തുരുത്തിനെ ദേശീയ രാഷ്ട്രീയത്തിലും വ്യാവസായിക മണ്ഡലത്തിലും പരമാവധി ഇടിച്ചു താഴ്ത്തി അതിന്റെ മൈലേജ് കിട്ടുമോ എന്ന് നോക്കുകയാണ് അയാള്‍.
കേരളവും കേരള സര്‍ക്കാരും അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച് കണ്ടത്. ദേശീയ വ്യാവസായിക മണ്ഡലത്തില്‍ കേരളത്തിന്റെ പോസിറ്റീവ് ഇമേജിന് കോട്ടം തട്ടരുത് എന്ന് കരുതിയുള്ള പരമാവധി വിട്ടുവീഴ്ചകളുടെ ഒരു അന്തരീക്ഷം ഉണ്ടായി വരുമ്പോഴും അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് ഒരു സംസ്ഥാനത്തിന്റെ സര്‍ക്കാറും ജനങ്ങളും തന്റെ കാല്ക്കീഴില് വീണ് കിടക്കണം എന്ന ഒരുതരം ധിക്കാരമനോഭാവമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അയാള്‍ പ്രകടിപ്പിച്ചു കണ്ടു വരുന്നത്. താന്‍ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടി പ്രൊജക്റ്റിന്റെ മുന്നില്‍ തന്നെ വളര്‍ത്തി വലുതാക്കിയ ഒരു ജനത കമിഴ്ന്ന് വീഴണം എന്ന തമ്പുരാന് മനസ്ഥിതി. ഈ വിലപേശല്‍ രാഷ്ട്രീയത്തിന്റെ ശക്തിയില്‍ ഒരു നടപടിയും ഒരു പരിശോധനയും ഒരു പരിസ്ഥിതി സംരക്ഷണ നീക്കവും കിറ്റെക്സിന് മേല്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കണമെന്ന താക്കീത്. കേരളത്തില്‍ വ്യാവസായിക രംഗത്ത് മാറ്റങ്ങള്‍ വരണം, കൂടുതല്‍ വ്യവസായ സൗഹൃദ നയങ്ങള്‍ ഉണ്ടാകണം, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടണം.. എല്ലാം ശരി തന്നെ.. പക്ഷേ ചാണക രാഷ്ട്രീയം കളിക്കുന്ന ഇതുപോലൊരുത്തന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ കീഴടങ്ങിക്കൊണ്ടാകരുത് അത് എന്ന് മാത്രമേ പറയാനുള്ളൂ.- ബഷീര്‍ വള്ളിക്കുന്ന്.

