Top

‘കണ്ടോ ഞങ്ങളുടെ ഉദാരത’; ബാര്‍ബഡോസിന് വാക്‌സിന്‍ നല്‍കി ഇന്ത്യ; ജന്മനാടിന് നല്‍കിയ സഹായം ചൂണ്ടി റിഹാനയ്ക്ക് നേരെ സൈബര്‍ ആക്രമണം

കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടേയും ഉദാരതയോട് എന്റെ രാജ്യത്തെ സര്‍ക്കാരും ജനങ്ങളും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോറ്റ്‌ലിയുടെ ട്വീറ്റ്.

5 Feb 2021 5:49 AM GMT

‘കണ്ടോ ഞങ്ങളുടെ ഉദാരത’; ബാര്‍ബഡോസിന് വാക്‌സിന്‍ നല്‍കി ഇന്ത്യ; ജന്മനാടിന് നല്‍കിയ സഹായം ചൂണ്ടി റിഹാനയ്ക്ക് നേരെ സൈബര്‍ ആക്രമണം
X

കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന് കൊവിഡ് പ്രതിരോധത്തിനായി കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തിച്ചുനല്‍കി ഇന്ത്യ. വാക്‌സിന്‍ ഡോസുകള്‍ നല്‍കി രാജ്യത്തെ സഹായിച്ച ഇന്ത്യയ്ക്ക് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയാ മോറ്റ്‌ലി നന്ദി അറിയിച്ചു. കര്‍ഷകസമരത്തെ പിന്തുണച്ച് ബാര്‍ബഡിയന്‍ പോപ്പ് ഗായിക രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബാര്‍ബഡോസിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം. മിയാ മോറ്റ്‌ലിയുടെ മോദിയ്ക്കുള്ള നന്ദിപ്രകാശനം ചര്‍ച്ചയായതോടെ റിഹാനയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്ക് താഴെ സൈബര്‍ അതിക്രമം ശക്തമാകുകയാണ്. കണ്ടോ ഇന്ത്യയുടെ ഉദാരത എന്ന് റിഹാനയെ ബോധ്യപ്പെടുത്തുന്ന മട്ടിലാണ് പരിഹാസട്വീറ്റുകള്‍.

കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടേയും ഉദാരതയോട് എന്റെ രാജ്യത്തെ സര്‍ക്കാരും ജനങ്ങളും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോറ്റ്‌ലിയുടെ ട്വീറ്റ്. ഒരു ലക്ഷം കൊവിഡ് ഡോസുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം ബാര്‍ബഡോസിന് എത്തിച്ച് നല്‍കിയത്.

ഇന്ത്യ മറ്റുരാജ്യങ്ങളുമായി സൗഹൃദം ഊട്ടിയുറപ്പിറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ ഐക്യം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് റിഹാനയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് ഒരുകൂട്ടര്‍ ആക്ഷേപിച്ചു. ഇതാണ് ഇന്ത്യയും റിഹാനയും തമ്മിലുള്ള വ്യത്യാസമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു റിഹാനയ്ക്കുനേരെ സൈബര്‍ അതിക്രമം.

സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. റിഹാനയെ വിഡ്ഡി എന്ന് വിളിച്ച കങ്കണ കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചു. ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയേയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Next Story