
പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ടുനല്‍കാന്‍ അഭ്യര്‍ഥിച്ച് മുന്‍ പ്രസിഡന്റ് ഒബാമ നടത്തുന്ന ഫോണ്‍ പ്രചാരണത്തില്‍ അപ്രതീക്ഷിത അതിഥി. വോട്ടര്‍മാരെ വ്യക്തിപരമായി വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്ന പ്രചരണത്തിനിടെ വോട്ടറുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനോട് സംസാരിക്കുന്ന ഒബാമയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഇതിനകം തന്നെ മൂന്ന് മില്ല്യനിലധികം കാഴ്ചക്കാരെ കടന്ന വീഡിയോയ്ക്ക് വലിയ പ്രചാരമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്.
വോട്ടര്‍മാരെ നേതാക്കള്‍ നേരിട്ട് ഫോണ്‍ വിളിച്ച് നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായിട്ടാണ് അലിസ്സ കാമറോറ്റയെ ബറാക് ഒബാമ ഫോണ്‍വിളിച്ചത്. അപ്രതീക്ഷിതമായി മുന്‍പ്രസിഡന്റിന്റെ വിളിവന്നതില്‍ അമ്പരന്നിരുന്ന വോട്ടറോട് ജോ ബൈഡനും കമല ഹാരിസിനും വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാണ് താന്‍ വിളിക്കുന്നതെന്ന് ഒബാമ പറഞ്ഞു. ഇതിനിടെ കുഞ്ഞിന്റെ ശബ്ദം ശ്രദ്ധിച്ച ഒബാമ എട്ട് മാസം പ്രായമുള്ള കുഞ്ഞിനോടായി സംസാരം. ‘ഹേയ് ജാക്ക്‌സ്’ എന്നാരംഭിക്കുന്ന സംഭാഷണം ‘അമ്മ പറയുന്നത് അനുസരിക്കൂ’ എന്ന കുഞ്ഞുപദേശത്തിലാണ് അവസാനിക്കുന്നത്. ‘ഞാന്‍ അമേരിക്കയുടെ മുന്‍പ്രസിഡന്റാണ് ഓര്‍മയുണ്ടോ’ എന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഈ സംഭാഷണം പക്ഷേ അമേരിക്കയൊട്ടാകെ ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ഞിന്റെ അമ്മ ഫോണ്‍കോളിനുപിന്നാലെയിട്ട ട്വീറ്റിനോട് ട്വിറ്റര്‍ ഒന്നാകെ പ്രതികരിക്കുകയാണ്. കുഞ്ഞു ജാക്കിന് പിന്നീട് പറയാന്‍ ഇത്രനല്ലൊരനുഭവം കിട്ടിയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് പറയുന്നതാണ് ഭൂരിഭാഗം കമന്റുകളും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് വീഡിയോ വൈറലാകുന്നത്.