Top

‘രാമായണവും മഹാഭാരതവും കേട്ട് ചെലവിട്ടതാണെന്റെ കുട്ടിക്കാലം’; ഓർമ്മക്കുറിപ്പിൽ അനുസ്മരിച്ച്‌ ഒബാമ

“ഇന്തോനേഷ്യയിൽ ചിലവാക്കിയ കുട്ടിക്കാലത്ത്‌ കേട്ട രാമായണ- മഹാഭാരത ഇതിഹാസ കഥകളോ, അല്ലെങ്കിൽ പൗരസ്ത്യ മതങ്ങളോടുള്ള എന്റെ താൽപര്യമോ, അല്ലെങ്കിൽ പാകിസ്താനിൽ നിന്നോ, ഇന്ത്യയിൽ നിന്നോ ലഭിച്ചിട്ടുള്ള കൊളേജ് സുഹൃത്തുക്കളോ ആയിരിക്കാം എനിക്ക് ഇന്ത്യയോടുള്ള ഈ താല്പര്യത്തിന് പിന്നിൽ”

17 Nov 2020 2:40 AM GMT

‘രാമായണവും മഹാഭാരതവും കേട്ട് ചെലവിട്ടതാണെന്റെ കുട്ടിക്കാലം’; ഓർമ്മക്കുറിപ്പിൽ അനുസ്മരിച്ച്‌ ഒബാമ
X

ബാല്യകാലം അധികവും ഇന്തോനേഷ്യയിൽ ചെലവഴിച്ചതിനാൽ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ ശ്രവിച്ചുകൊണ്ടാണ് താൻ വളർന്നതെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ. അതിനാൽ ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും തന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ടെന്ന് പുറത്തിറങ്ങാനിരിക്കുന്ന ‘പ്രോമിസ്‌ഡ് ലാൻഡ്’ എന്ന ഓര്മക്കുറിപ്പിൽ അദ്ദേഹം പറയുന്നു.

‘ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന നിവാസികൾക്കാണ് ഇന്ത്യ വാസം ഒരുക്കുന്നത്, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ ഇവിടെ ജീവിക്കുന്നു, എഴുനൂറിലധികം ഭാഷകൾ ഇന്ത്യൻ ജനത സംസാരിക്കുന്നു, കൂടാതെ ഇന്ത്യയുടെ കിഴുക്കാംതൂക്കായ വലുപ്പവും ആയിരിക്കാം ഒരുപക്ഷെ തന്നെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്’, എന്നും ഒബാമ തന്റെ പുതിയ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

എന്നാൽ 2010 ലെ ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായി തൻ ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും എങ്കിൽകൂടി ഈ രാജ്യത്തിന് തന്റെ സങ്കല്പഭൂമികയിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു എന്നുമാണ് ഒബാമ തന്റെ സ്മരണികയിലൂടെ ഓർത്തെടുക്കുന്നത്.

“ഇന്തോനേഷ്യയിൽ ചിലവാക്കിയ കുട്ടിക്കാലത്ത്‌ കേട്ട രാമായണ- മഹാഭാരത ഇതിഹാസ കഥകളോ, അല്ലെങ്കിൽ പൗരസ്ത്യ മതങ്ങളോടുള്ള എന്റെ താൽപര്യമോ, അല്ലെങ്കിൽ പാകിസ്താനിൽ നിന്നോ, ഇന്ത്യയിൽ നിന്നോ ലഭിച്ചിട്ടുള്ള കൊളേജ് സുഹൃത്തുക്കളോ ആയിരിക്കാം എനിക്ക് ഇന്ത്യയോടുള്ള ഈ താല്പര്യത്തിന് പിന്നിൽ. പരിപ്പ് പാകം ചെയ്യാനും ചെറുതായി നുറുക്കിയ ഇറച്ചി ഉപയോഗിച്ചുള്ള പാചകരീതികളും എന്നെ പഠിപ്പിക്കുകയും ബോളിവുഡ് സിനിമകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തതും ഈ സുഹൃത്തുക്കൾ തന്നെ,”ഒബാമ എഴുതുന്നു.

ഇന്ത്യയെ കുറിച്ചുള്ള കുറിപ്പുകൾക്ക് പുറമെ 2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്റെ ആദ്യ കാലാവധിയുടെ അവസാനഘട്ടം വരെയുള്ള യാത്രയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അൽ-ഖൊയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ച അബോട്ടാബാദ് (പാകിസ്ഥാൻ) റെയ്ഡും ഒബാമ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

രണ്ട് വാല്യങ്ങളായ്‌ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തക സീരിസിൽ ആദ്യത്തേതാണ് “പ്രോമിസ്‌ഡ് ലാൻഡ് “. ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ചൊവ്വാഴ്ചയോടെ പുസ്തകശാലകളിൽ എത്തി.

Next Story