ഹാത്രസില്‍ കണ്ണീരുണങ്ങും മുന്‍പേ യുപിയില്‍ നെല്പ്പാടത്തില്നിന്ന് ദളിത് പെണ്‍കുട്ടിയുടെ ജഢം; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് സംശയം
ശ്വാസം മുട്ടിച്ചതിന്റെയും ബലപ്രയോഗം നടന്നതിന്റേയും സൂചനകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യം ഹാത്രസ് കൂട്ടബലാത്സംഗത്തിന്റെ നടുക്കത്തില്‍ തുടരുമ്പോഴും സ്ത്രീ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോളും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിവരുന്നില്ല. ഉത്തര്‍പ്രദേശിലെ ബരാബാങ്കി ഗ്രാമത്തിലെ നെല്‍പ്പാടത്തുനിന്നും 17 വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ജഡം പൊലിസ് കണ്ടെടുത്തു. പാടത്തുപണിയ്ക്ക് പോയിരുന്ന പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ജഡം കണ്ടെടുത്തത്. ശ്വാസം മുട്ടിച്ചതിന്റെയും ബലപ്രയോഗം നടന്നതിന്റേയും സൂചനകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുകയും കൊലചെയ്യപ്പെടുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി യുപി പൊലീസ് വ്യക്തമാക്കി.
ഹാത്രസ് കേസിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തില്‍ സംഭവത്തില്‍ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
- TAGS:
- Hathras Rape
- Rape
- UP police