
ബാര്‍ കോഴവിവാദങ്ങള്‍ കത്തിനിന്ന സമയത്തെ എല്‍ഡിഎഫ് സമരങ്ങള്‍ക്ക് ന്യായീകരണവുമായി ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ശേഷം ജോസ് കെ മാണി. ഇടതുപ്രവേശനം സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ ബാര്‍കോഴയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ജോസ് കെ മാണി എല്‍ഡിഎഫിനെ ന്യായീകരിച്ചത്. ‘രാഷ്ട്രീയത്തില്‍ വടി ലഭിച്ചാല്‍ ഉപയോഗിക്കുക സ്വാഭാവികമാണ്. ആരാണ് വിവാദം സൃഷ്ടിച്ചത്? അവര്‍ക്ക് വടി കൊടുക്കുകയല്ലായിരുന്നോ?’ ചോദ്യങ്ങളോട് ജോസ് കെ മാണിയുടെ പ്രതികരണമിങ്ങനെ.
കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടതെന്നും തങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ ചില ശ്രമങ്ങളുടെ ഭാഗമായാണ് വിവാദത്തിന് പിന്നിലെന്നും കെഎം മാണി തന്നെ പിന്നില്‍ നിന്ന് കുത്തിയതായി വെളിപ്പെടുത്തിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.
‘തെറ്റ് പറയാനാകില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ അന്നുമുണ്ട്. ഇന്നും നടക്കുന്നുണ്ടല്ലോ? അതിലൊന്നും ആശയക്കുഴപ്പമില്ല. പാലാസീറ്റ് ഹൃദയവികാരമാണ്. മാണിയെന്ന്പറഞ്ഞാല് പാലായാണ്. നിലവില്‍ സീറ്റിനെച്ചൊല്ലി ചര്‍ച്ചയുണ്ടായിട്ടില്ല. പിന്നീട് ചര്‍ച്ചചെയ്യും’. ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തോടെ കേരള രാഷ്ട്രീത്തിന്റെ ഗതി നിര്‍ണയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.