‘അക്കൗണ്ടുകള്‍ വ്യാജം’; അനില്‍ അംബാനിയുടെ മൂന്ന് കമ്പനികളില്‍ ബാങ്ക് തട്ടിപ്പുനടന്നുവെന്ന് ആരോപണം; ഒടുക്കേണ്ടിവരുന്ന ബാധ്യത വിജയ് മല്യയുടേതിനേക്കാള്‍ 10 ഇരട്ടിയിലധികം

ചൈനീസ് ബാങ്കുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനും പാപ്പരായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്കും തൊട്ടുപിന്നാലെ വ്യവസായപ്രമുഖന്‍ അനില്‍ അംബാനിയ്ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കനത്ത തിരിച്ചടി. അനില്‍ അംബാനിയുടെ റിലൈന്‍സ് ഗ്രൂപ്പിന്റെ മൂന്ന് കമ്പനികള്‍ വന്‍ ബാങ്ക് തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുവെന്നാണ് എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ കമ്പനി അക്കൗണ്ടില്‍ ക്രമക്കേട് നടന്നതായി ആരോപിക്കുന്നത്. അനിലിന്റെ റിലയന്‍സ് ടെലികോം, റിലൈന്‍സ് ഇന്‍പ്രാടെല്‍ കമ്പനികള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ നടക്കും.

55 ബില്യണ്‍ രൂപയുടെ ഇടപാടുകളെക്കുറിച്ചാണ് ബാങ്കുകള്‍ സംശയമുന്നയിക്കുന്നത്. 2017 മെയ് മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെ ക്രമക്കേട് നടന്നതായാണ് സൂചന. അക്കൗണ്ടുകല്‍ വ്യാജമാണെന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഓഡിറ്റര്‍മാര്‍ക്ക് സ്ഥിരീകരിക്കാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബാങ്കുകള്‍ അറിയിച്ചു. ക്രമക്കേട് നടന്നെന്ന് തെളിഞ്ഞാല്‍ അനില്‍ അംബാനിയുടെ ബാധ്യത വിജയ് മല്യയുടേതിനേക്കാള്‍ 10 ഇരട്ടിയിലധികമാകും.

അടുത്തവര്‍ഷം ജനുവരി 13 വരെ സ്റ്റാറ്റസ്‌കോ തുടരാനാണ് ദില്ലി ഹൈക്കോടതി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അനില്‍ അംബാനിയ്‌ക്കെതിരായ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്ക് ഈ ഉത്തരവ് തടസമല്ലെന്നും കോടതി പറഞ്ഞു.

Latest News