Top

കുമരകത്ത് ബാംബു ബസാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി ഇപി ജയരാജന്‍; ഈറ്റ-മുള വ്യവസായ മേഖല പുരോഗതിയുടെ പാതയില്‍

ഈറ്റ-മുള വ്യവസായത്തിലെ ഉല്പാദന-വിപണന രംഗങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍

20 Oct 2020 4:44 AM GMT

കുമരകത്ത് ബാംബു ബസാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി ഇപി ജയരാജന്‍; ഈറ്റ-മുള വ്യവസായ മേഖല പുരോഗതിയുടെ പാതയില്‍
X

ഈറ്റ-മുള വ്യവസായത്തിലെ ഉല്പാദന-വിപണന രംഗങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ കുമരകത്ത് ആരംഭിച്ച ബാംബു ബസാറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലായിരുന്ന ഈ മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഉണര്‍വ് പകരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. മുളയും ഈറ്റയും ഉപയോഗിച്ചുള്ള പരമ്പരാഗത ഉത്പന്നങ്ങള്‍ക്കു പുറമേ വൈവിധ്യമാര്‍ന്ന മറ്റ് മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവും വര്‍ധിപ്പിച്ചു, മന്ത്രി പറഞ്ഞു. ഈറയുടെയും മുളയുടെയും ലഭ്യത ഉറപ്പാക്കി. വ്യാപകമായി മുള വച്ചുപിടിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇവയുടെ സംഭരണവില പുതുക്കി നിശ്ചയിച്ചു. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തിയതിന് പുറമേ 20% ശതമാനം കൂലിവര്‍ധനവും സര്‍ക്കാര്‍ സാധ്യമാക്കി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്ലൈ ഫര്‍ണീച്ചറുകള്‍ക്കും മുളയും ആര്യവേപ്പും ചേര്‍ത്ത് നിര്‍മ്മിച്ച ടൈലുകള്‍ക്കും ബാംബൂ കര്‍ട്ടനുകള്‍ക്കും അന്താരാഷ്ട്ര വിപണയില്‍ വിപുലപ്രചാരം ലഭിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കുമരകത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രം ഇവിടെ ആരംഭിച്ചത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന വനവിഭവങ്ങളായ തേന്‍ സുഗന്ധദ്രവ്യങ്ങള്‍ പച്ചമരുന്നുകള്‍ ധാന്യങ്ങള്‍ തുടങ്ങിയവയുടെ വിപണനവും ബാംബൂ ബസാര്‍ വഴി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുമരകത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച സുരേഷ് കുറുപ്പ് എംഎല്‍എ, ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു. ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹണി ഗോപന്‍ ആദ്യ വില്‍പ്പന ഏറ്റു വാങ്ങി. ബാംബു കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എഎം അബ്ദുള്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എപി സലിമോന്‍, പഞ്ചായത്തംഗം കവിത ലാലു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍, ജില്ലാ വ്യവസായം കേന്ദ്രം മാനേജര്‍ എംവി ലൗലി, 315-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കേശവന്‍, ബാംബു കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ അഡ്വ കെആര്‍ സുരേന്ദ്രന്‍, ടിപി ദേവസിക്കുട്ടി, സിവി ശശി എന്നിവര്‍ പങ്കെടുത്തു.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെജെ ജേക്കബ് സ്വാഗതവും പ്രോജക്ട് മാനേജര്‍ എംടി മുജീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു. 315ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കവണാറ്റിന്‍കരയിലെ കെട്ടിടത്തിലാണ് ബാംബു ബസാര്‍ പ്രവര്‍ത്തിക്കുന്നത്.

Next Story