Top

എക്കാലത്തും ഇടതുകോട്ട; പിടിച്ചെടുക്കാന്‍ ധര്‍മ്മജനെ കളത്തിലിറക്കി യുഡിഎഫ്; ബാലുശ്ശേരി ഇത്തവണ ആര്‍ക്കൊപ്പം

ചലചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലൂടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പേ പൊതുശ്രദ്ധ നേടിയ മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ ബാലുേശ്ശരി. പൊതുവെ ഉയര്‍ന്നുവരാറുള്ള സ്ഥാനാര്‍ത്ഥി തര്‍ക്കം തന്നെയായിരുന്നു മണ്ഡലത്തിലേതെങ്കിലും 2021 നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിച്ച താര മണ്ഡലങ്ങളിലൊന്നായി ബാലുശ്ശേരി. ഒടുവില്‍ പ്രാദേശിക നേതൃത്വന്റെ എതിര്‍പ്പും ജില്ലാ നേതൃത്വത്തിന്റെ നിശബ്ദതയും കടന്ന് ഹൈക്കമാന്‍ഡ് അംഗീകരിച്ച കോണ്‍ഗ്രസിന്റെ അന്തിമപട്ടികയില്‍ ബാലുശ്ശേരി സ്ഥാനാര്‍ത്ഥിയായത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്നെയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന താരസ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മറുപക്ഷത്ത് എല്‍ഡിഎഫ് ഒരുക്കുന്നത് ഇത്തവണ […]

30 March 2021 7:32 AM GMT
അനുപമ ശ്രീദേവി

എക്കാലത്തും ഇടതുകോട്ട; പിടിച്ചെടുക്കാന്‍ ധര്‍മ്മജനെ കളത്തിലിറക്കി യുഡിഎഫ്; ബാലുശ്ശേരി ഇത്തവണ ആര്‍ക്കൊപ്പം
X

ചലചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലൂടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പേ പൊതുശ്രദ്ധ നേടിയ മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ ബാലുേശ്ശരി. പൊതുവെ ഉയര്‍ന്നുവരാറുള്ള സ്ഥാനാര്‍ത്ഥി തര്‍ക്കം തന്നെയായിരുന്നു മണ്ഡലത്തിലേതെങ്കിലും 2021 നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിച്ച താര മണ്ഡലങ്ങളിലൊന്നായി ബാലുശ്ശേരി. ഒടുവില്‍ പ്രാദേശിക നേതൃത്വന്റെ എതിര്‍പ്പും ജില്ലാ നേതൃത്വത്തിന്റെ നിശബ്ദതയും കടന്ന് ഹൈക്കമാന്‍ഡ് അംഗീകരിച്ച കോണ്‍ഗ്രസിന്റെ അന്തിമപട്ടികയില്‍ ബാലുശ്ശേരി സ്ഥാനാര്‍ത്ഥിയായത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്നെയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന താരസ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മറുപക്ഷത്ത് എല്‍ഡിഎഫ് ഒരുക്കുന്നത് ഇത്തവണ ഇടതുപക്ഷത്തുനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ എസ്എഫ്‌ഐ നേതാവ് അഡ്വ. കെ എം സച്ചിന്‍ ദേവിനെയാണ്.

സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വിജയങ്ങളിലൂടെ ഇടതുകോട്ടയായ മണ്ഡലമാണ് ബാലുശ്ശേരി. 1957 മുതല്‍ നിലവിലുള്ള മണ്ഡലത്തെ ആദ്യമായി നിയമസഭയില്‍ പ്രതിനിധീകരിച്ചത് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം നാരായണക്കുറുപ്പായിരുന്നു. 1957ലെ വിജയം 1060ലും നാരായണക്കുറുപ്പ് ആവര്‍ത്തിച്ചു. 1967ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ കെ അപ്പുവിനും മണ്ഡലം നിലനിര്‍ത്താനായെങ്കിലും 1970ല്‍ കോണ്‍ഗ്രസ് ആദ്യമായി മണ്ഡലം പിടിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെ പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഏഴിലും വിജയിച്ച എ സി ഷണ്‍മുഖദാസിന്റെ മണ്ഡലത്തിലെ ആദ്യ വിജയമായിരുന്നു അത്. എസ്ഒപി സ്ഥാനാര്‍ത്ഥി പി കെ ശങ്കരന്‍കുട്ടിയെ 1197 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ 1977ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പുത്തൂര്‍ രാമകൃഷ്ണന്‍ നായരെ പരാജയപ്പെടുത്തി പി കെ ശങ്കരന്‍കുട്ടി ഭാരതീയ ലോക്ദള്‍ ബാനറില്‍ വിജയിച്ചു. 1980ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പി കെ ശങ്കരന്‍കുട്ടിയെ പരാജയപ്പെടുത്തി എ സി ഷണ്‍മുഖദാസ് മണ്ഡലം വീണ്ടു തിരിച്ചുപിടിച്ചു. പിന്നീട് 2001ലെ തെരഞ്ഞെടുപ്പ് വരെ മണ്ഡലത്തില്‍ തുടര്‍ച്ചയായ ആറുതെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിനൊപ്പമായിരുന്നു മണ്ഡലം. 80ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷണ്‍മുഖദാസ് 1982ല്‍ ഇന്ദിരാഗാന്ധിയുടെ നയത്തില്‍ വിയോജിച്ച് കോണ്‍ഗ്രസ് വിട്ട കോണ്‍ഗ്രസ് സെക്കുലര്‍ ബാനറിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്, എന്‍സിപി പാര്‍ട്ടി ബാനറുകളില്‍ ഇടതുപക്ഷത്തുനിന്ന് വിജയിച്ചാണ് പിന്നീടുള്ള കാല്‍നൂറ്റാണ്ടിലധികം കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

Work for LDF's victory: NCP- The New Indian Express

1982ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി കെ ഗോപാലനും 1987ലും 1991ലും 1996ലും 2001ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലായ വിജയ ഡി നായരും പി ശങ്കരനും ആര്‍ കെ രവിവര്‍മ്മയും ബാലകൃഷ്ണന്‍ കിടാവുമായിരുന്നു എ സി ഷണ്‍മുഖദാസിന്റെ എതിരാളികള്‍. ഇക്കാലയളവില്‍ 1980ല്‍ ജലസേചന വകുപ്പിന്റെയും 1987ല്‍ ആരോഗ്യവകുപ്പിന്റെയും 1996 ല്‍ ആരോഗ്യം, കായികം വകുപ്പുകളുടെയും മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2001ല്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി ഒടുവില്‍ മത്സരിച്ചപ്പോള്‍ 2962 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തുടര്‍ന്ന് 2006ല്‍ ഇടതുപക്ഷത്തുനിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയായി എ കെ ശശീന്ദ്രന്‍ രംഗത്തിറങ്ങുകയും മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. 2001ല്‍ ഷണ്‍മുഖദാസിനോട് പരാജയപ്പെട്ട കെ ബാലകൃഷ്ണന്‍ കിടാവ് തന്നെയായിരുന്നു ശശീന്ദ്രന്റെയും പ്രധാന എതിരാളി.

2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുശേഷം 2011ലെ തെരഞ്ഞെടുപ്പില്‍ എന്‍സിപിയില്‍ നിന്ന് സിപിഐഎം ഏറ്റെടുത്തു. പ്രശസ്ത നാടകകൃത്ത് പുരുഷന്‍ കടലുണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുകയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ ബലറാമിനെ 9882 വോട്ടുകള്‍ക്ക് പിന്തള്ളി വിജയിക്കുകയും ചെയ്തു. 2016ല്‍ രണ്ടാമങ്കത്തിനും പുരുഷന്‍ കടലുണ്ടിയെതന്നെ സിപിഐഎം രംഗത്തിറക്കി. യുഡിഎഫില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും കുന്ദമംഗലവും ബാലുശ്ശേരിയും പരസ്പരം വെച്ചുമാറിയ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ യു സി രാമന്‍ പടനിലമായിരുന്നു പ്രധാന എതിരാളി. അത്തവണയും എല്‍ഡിഎഫ് തന്നെ വിജയം ആവര്‍ത്തിച്ചപ്പോള്‍ പുരുഷന്‍ കടലുണ്ടി 15464 വോട്ടുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്തി.

പുരുഷൻ കടലുണ്ടി എം.എൽ.എക്ക് കോവിഡ് | Balussery MLA Purushan Kadalundy Covid  Test Positive | Madhyamam

കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം. പഴയ കുറുമ്പ്രനാട് രാജവംശത്തിന്റെ ആസ്ഥാനം ഉള്‍പ്പെടുന്ന ബാലുശ്ശേരി 2008ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുശേഷം സംവരണമണ്ഡലമായി. പുനര്‍നിര്‍ണ്ണയത്തിനുമുന്‍പ് ഏഴ് പഞ്ചായത്തുകളായിരുന്ന മണ്ഡലത്തില്‍ നിന്ന് നന്മണ്ട, തലക്കുളത്തൂര്‍, എലത്തൂര്‍ പഞ്ചായത്തുകള്‍ എലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമാക്കിയും പകരം ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ത്തുമായിരുന്നു ബാലുശ്ശേരി മണ്ഡലം രൂപപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ ഒമ്പത് പഞ്ചായത്തുകളില്‍ ആറിലും എല്‍ഡിഎഫിനായിരുന്നു വിജയം. ബാലുശ്ശേരി, പനങ്ങാട്, ഉള്ളിയേരി, കായണ്ണ നടുവണ്ണൂര്‍ കോട്ടൂര്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷം വിജയിച്ചപ്പോള്‍ അത്തോളി, കൂരാച്ചുണ്ട്, ഉണ്ണിക്കുളം പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്.

May be an image of 4 people, people sitting and people standing

എല്ലാക്കാലത്തും താനൊരു കോണ്‍ഗ്രസുകാരനണെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചലചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി 2021ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചാരണം തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ചതായിരുന്നു. താരത്തെ ആദ്യം വൈപ്പിന്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നതായിയായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും എതിര്‍പ്പുകളെതുടര്‍ന്ന് ഈ നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറുകയായിരുന്നു. ഇക്കാലയളവില്‍ സീറ്റുവിഭജന ചര്‍ച്ചയില്‍ ലീഗുമായി കുന്ദമംഗലവും ബാലുശ്ശേരിയും വെച്ചുമാറുന്ന ചര്‍ച്ചയും നടന്നുവരികയായിരുന്നു. ഈ നീക്കം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മുന്‍ നിര്‍ത്തി കോഴിക്കോട് ജില്ലയിലെ ഇടത് കോട്ടയായ ബാലുശ്ശേരി പിടിക്കാനുള്ള പദ്ധതിയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ അത്തരമൊരു നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തുടക്കം മുതല്‍ എതിര്‍പ്പുയര്‍ന്നു. ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് നല്‍കിയതെന്ന് പ്രചരിച്ച ഒരു പരാതി അക്കാലയളവില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ പരസ്യമായി പിന്തുണച്ച ധര്‍മ്മജന്റെ നിലപാട് മണ്ഡലത്തില്‍ യുഡിഎഫിന് ക്ഷീണമുണ്ടാക്കുമെന്നും എതിരാളികള്‍ അത് പ്രചാരണായുധമാക്കുമെന്നും മുന്നോട്ടുവെച്ച കത്തില്‍ മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മ്മജന് പകരം മേെറ്റതങ്കിലും യുവ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ പരിഗണിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്നാല്‍ അത്തരമൊരു കത്ത് നിഷേധിച്ച മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ ചേലേരി നിഷേധിച്ചു. കിയാത്മമായ വിമര്‍ശനങ്ങളുണ്ടായെങ്കിലും മേല്‍കമ്മിറ്റിയിലേക്ക് കത്തയയ്ക്കുന്ന തീരുമാനമുണ്ടായില്ലെന്നും കെപിസിസി ആരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു ജില്ലാനേതൃത്വത്തിന്റ ഒടുവിലെ പ്രതികരണം.

May be an image of 6 people, people standing, flower and outdoors

ഇതിനിടെ ബാലുശ്ശേരിയില്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെ പരസ്യമായി എതിര്‍ത്ത് ദളിത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരി സെലിബ്രിറ്റിക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ദളിത് കോണ്‍ഗ്രസ് ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ധര്‍മ്മജന്‍ വേണമെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്ന് പ്രതികരിച്ച ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിബല്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും പ്രതികരിച്ചിരുന്നു. ദളിത് ആക്ടിവിസ്റ്റും ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകനുമായ വിപിന്‍ കൃഷ്ണനായിരുന്നു എഐസിസി തയ്യാറാക്കിയ സര്‍വ്വേ പ്രകാരം മണ്ഡലത്തില്‍ കുടുതല്‍ സാധ്യതയുണ്ടായിരുന്നത്.

തുടര്‍ന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി കെപിസിസിക്ക് കൈമാറിയ സാധ്യത പട്ടികയില്‍ ബാലുശ്ശേരിയിലേക്ക് ധര്‍മ്മജന്റെ പേര് മുന്നോട്ടുവെച്ചതോടെ ഇത്തരം എതിര്‍പ്പുകള്‍ കെട്ടടങ്ങുകയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വവും സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയും കടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച അന്തിമ പട്ടികയില്‍ ബാലുശ്ശേരി സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജനെ പ്രഖ്യാപിച്ചു. മുന്‍പ് കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും സേവാദളിലും പ്രവര്‍ത്തിച്ചിട്ടുള്ള ധര്‍മ്മജന് രാഷ്ട്രീയത്തിനൊപ്പം താരപ്രഭാവം കൂടി വോട്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എം കെ രാഘവന് 9745 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നതും തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം മൂവായിരത്തിലൊതുങ്ങിയതും അനുകൂല സാഹചര്യമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

മറുപക്ഷത്ത് ഒരു പതിറ്റാണ്ടുകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി രണ്ടുടേം നിബന്ധനയില്‍ ഇത്തവണ മത്സരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ താരസ്ഥാനാര്‍ത്ഥിത്വത്തെ തള്ളുന്ന ഇടതുപക്ഷമുന്നണി ഇടത് കോട്ടയായ ബാലുശ്ശേരിയുടെ മണ്ണ് ചുവന്നുതന്നെയിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സാധ്യമാക്കിയ വികസനപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അട്ടിമറി സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളാനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

May be an image of 9 people, people standing, people walking and outdoors

സിറ്റിംഗ് മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ 3801 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നില്‍ നില്‍ക്കാനായ സാഹചര്യത്തില്‍ യുവ സ്ഥാനാര്‍ത്ഥിയെന്ന ബാനറില്‍ എത്തുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിന്‍ ദേവിന് ബാലുശ്ശേരി നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കോഴിക്കോട് ജില്ലയിലെ പ്രധാന കാര്‍ഷിക, ടൂറിസം കേന്ദ്രങ്ങളിലൊന്നായ മണ്ഡലത്തില്‍ കക്കയം, കരിയാത്തുംപാറ, തോണിപ്പാറ, വയലട, നമ്പികുളം തുടങ്ങിയ പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയിലുണ്ടാക്കിയ മുന്നേറ്റത്തിനും ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ സാധ്യമാക്കിയ വികസനം മുന്‍നിര്‍ത്തിയായിരിക്കും ഇടതുപക്ഷമുന്നണി പ്രചാരണം നയിക്കുക.

May be an image of 1 person, standing and outdoors

ഇക്കാലയളവില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2011 -ല്‍ ടി കെ രാമന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ 9304 വോട്ടുകളും 2016-ല്‍ പി കെ സുപ്രന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ 19324 വോട്ടുകളുമായിരുന്നു നേടിയത്. 2011-ലെ 6.16 ശതമാനം വോട്ടുകളില്‍ നിന്ന് അഞ്ച് ശതമാനത്തോളം വോട്ടുവര്‍ദ്ധനവുണ്ടാക്കിയ ബിജെപി 2016-ല്‍ 11.07 ശതമാനം വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. 2021-ല്‍ യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ ലിബിന്‍ ഭാസ്‌കറെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കുമെതിരെ ബിജെപി രംഗത്തിറക്കുന്നത്.

Next Story