
വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. പോളിസി രേഖകളിലെ ബാലഭാസ്ക്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയം വിശദമായി അന്വേഷിക്കാനാണ് സിബിഐ തീരുമാനം. ഇതിനൊപ്പം പോളിസി രേഖകള്‍ ഹാജരാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉടന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.
ബാലഭാസ്കര്‍ മരിക്കുന്നതിന് ഏഴുമാസം മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്ക്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.
ഇതിനൊപ്പം ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് ഇന്‍ഷുറന്‍സ് ഡവലപ്പ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രീമിയം അടച്ചത് എന്നതും ഇതിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പോളിസി രേഖകളുടെ പകര്‍പ്പ് ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്മെന്റ് ഓഫീസര്‍ വഴിയാണ് ഈ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കുന്നത്.