Top

കൊവിഡിനെ അകറ്റിനിര്‍ത്തി ടൂറിസ്റ്റ് മേഖല; ബഹ്‌റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

നാട്ടില്‍ ചൂട് അമിതമായതും ബഹ്‌റൈനില്‍ ചൂട് ഇനിയും രൂക്ഷമാകാത്ത സാഹചര്യവും സഞ്ചാരികളെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നു.

8 May 2022 8:14 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊവിഡിനെ അകറ്റിനിര്‍ത്തി ടൂറിസ്റ്റ് മേഖല; ബഹ്‌റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
X

ബഹ്‌റൈന്‍: കൊവിഡിന്റെ ആഘാതത്തില്‍നിന്നും കരകയറിയ ബഹ്‌റൈനിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. മലയാളികളുള്‍പ്പടെ നൂറുകണക്കിന് സഞ്ചാരികളാണ് ബഹ്‌റൈനിലേക്ക് വരുന്നത്. സൗദി ഉള്‍പ്പടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി സന്ദര്‍ശകരാണ് ബഹ്‌റൈനിലേക്ക് വരുന്നത്.

കുടുംബസമേതം ബഹ്‌റൈനില്‍ എത്തുന്നവര്‍ നിരവധിയാണ്. നാട്ടില്‍ ചൂട് അമിതമായതും ബഹ്‌റൈനില്‍ ചൂട് ഇനിയും രൂക്ഷമാകാത്ത സാഹചര്യവും സഞ്ചാരികളെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുന്നു.

ബഹ്‌റൈനില്‍ ഏകദേശം 400 ഓളം ട്രാവല്‍ ഏജന്‍സികളുണ്ട്. ദിവസവും ശരാശരി പത്ത് സന്ദര്‍ശക വിസകള്‍ വരെ എടുത്തു നല്‍കുന്ന ഏജന്‍സികള്‍ ഇതിലുണ്ട്. സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിലേക്ക് നാട്ടില്‍നിന്നും അതിഥികളെ കൊണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ ബഹറൈനില്‍ നടക്കുന്നതുകൊണ്ട് കലാകാരന്‍മാരുടെ വരവിലും വര്‍ധനവുണ്ടാകും. കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാഹചര്യം തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാവല്‍ ഏജന്റ്മാരും ഹോട്ടല്‍ നടത്തിപ്പുകാരും.

ബഹ്‌റൈന്‍ അടുത്തകാലത്ത് ഇ-വിസ അനുവദിച്ച് തുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധവുണ്ടായി. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കാണ് കൂടുതല്‍ അപേക്ഷകരുള്ളത്. മൂന്ന് മാസം തുടര്‍ച്ചയായി താമസിക്കാന്‍ കഴിയുമെന്നതാണ് ഈ വിസയുടെ മികവ്. തുടര്‍ന്ന് രാജ്യത്തിന് പുറത്തുപോയി വന്നാല്‍ വീണ്ടും മൂന്ന് മാസം തുടര്‍ച്ചയായി താമസിക്കാന്‍ കഴിയും. ഇപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വിസ കിട്ടും. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പലരും ഇപ്പോള്‍ സന്ദര്‍ശക വിസയില്‍ വരുന്നുണ്ട്. സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ തൊഴിലുടമകള്‍ 1000 ദിനാറും തൊഴിലാളി 100 ദിനാറും പിഴ അടയ്‌ക്കേണ്ടിവരും.

Story highlights: Tourist area away from covid; Inflow of tourists to Bahrain



Next Story