ഉച്ചകോടിക്കു ശേഷം ഒരു വിവരവുമില്ല; ഖത്തറിനെതിരെ ബഹ്‌റിന്‍

മൂന്നര വര്‍ഷത്തെ ഉപരോധത്തിനു ശേഷം ഖത്തറിനു മേലുള്ള ഉപരോധം ജിസിസി രാജ്യങ്ങള്‍ പിന്‍വലിക്കുകയും വിവിധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തതിനു പിന്നാലെ ഖത്തറിനെതിരെ ബഹ്‌റിന്‍. ഉച്ചകോടിയില്‍ അല്‍ ഉല കരാറില്‍ ഒപ്പു വെച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിന്റെ ഒരു മുന്‍കൈയെടുക്കലും ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി പറയുന്നു.

‘ അല്‍ ഉല ഉച്ചകോടിക്കു ശേഷം ബഹ്‌റിനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ശ്രമവും ഖത്തര്‍ കാണിച്ചിട്ടില്ല,’ ഖത്തര്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

മൂന്നര വര്‍ഷത്തിനു ശേഷം ജനുവരി അഞ്ചിനാണ് ഖത്തറുമായുള്ള അകല്‍ച്ച മാറ്റി വെച്ച് ബഹ്‌റിനുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സൗദി അറേബ്യയില്‍ വെച്ച നടന്ന ജിസിസി ഉച്ചകോടിയില്‍ ഒത്തുകൂടിയത്. ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ധാരണയായ ഉച്ചകോടിയില്‍ സോളിഡാരിറ്റി ആന്റ് സ്റ്റബിലിറ്റി കാരാറില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചു.

ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തത്. കുവൈറ്റ് അധികാരി ശൈഖ് നവാഫ് ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുകയും ഉപരോധം നീക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്തത് പിന്നാലെയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ജാരദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ശ്രമങ്ങളാണ് ഖത്തര്‍-ജിസിസി അനുനയത്തിലേക്ക് നയിച്ചത്.

2017 ലാണ് യുഎഇ, സൗദി, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ ഹുഡ് മൂവ്‌മെന്റിന് പിന്തുണ നല്‍കുന്നെന്നും ഒപ്പം ഇറാനെയും സഹായിക്കുന്നെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അന്ന് ഖത്തറിനെതിരെ വന്ന ആരോപണം. എന്നാല്‍ ഖത്തര്‍ ഇതിനെ നിഷേധിക്കുകയായിരുന്നു.

Latest News