Top

ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി ബഹറൈനും.

5 Dec 2020 6:02 AM GMT

ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍
X

ബഹ്‌റൈന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി ബഹറൈനും. ഇതോടെ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ മാറി. കഴിഞ്ഞ നവംബറില്‍ ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെയാണ് ആദ്യമായി അംഗീകാരം നല്‍കിയത്. അടുത്തയാഴ്ച്ചയോടെ തന്നെ ഫൈസര്‍ കൊവിഡ് വാക്‌സിന്റെ വിതരണം യുകെയില്‍ ആരംഭിരക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫൈസര്‍ വാക്‌സിന്റെ വിതരണം എന്നാണ് ബഹ്‌റൈനില്‍ ആരംഭിക്കുന്നത് എന്ന് വ്യക്തമല്ല.

മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് യുകെ ഗവണ്‍മെന്റ് ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ്19 വാക്‌സിന് അംഗീകാരം നല്‍കിയത്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊവിഡ് മഹാമാരിയെ ചെറുത്ത്, ലോകത്തെ പഴയ നിലയിലേക്കെത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് ഫൈസര്‍ ബയേണ്‍ടെക്ക് കൊവിഡ് വാക്‌സിന്‍ വിലയിരുത്തപ്പെടുന്നത്.

വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണവും പൂര്‍ത്തിയായിക്കഴിഞ്ഞു. 95 ശതമാനവും വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനി അഭിപ്രായപ്പെട്ടു. യുകെയില്‍ വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞിരുന്നു. വൃദ്ധരിലും വാക്‌സിന്‍ ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ബെഹ്‌റൈനിലും ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരിച്ചു.

Next Story