പ്രവാസികള്‍ക്കുള്‍പ്പെടെ സൗജന്യം, ബഹ്റിന്റെ വാക്സിന് പദ്ധതികള്‍ ഇങ്ങനെ

കൊവിഡിനെതിരായി വാക്സിനേഷന് പ്രോഗ്രാം നടത്താന്‍ ഒരുങ്ങുന്നതിനിടെ ബഹ്റിനില്‍ നിന്നും പുതിയ വാര്‍ത്തകള്‍. രാജ്യത്തെ 10.5 ലക്ഷം ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. 15.7 ലക്ഷമാണ് ബഹ്റിനിലെ ആകെ ജനസംഖ്യ.
712,000 ബഹ്റിന് പൗരന്മാര്ക്കും 789,000 പ്രവസികള്‍ക്കും സൗജന്യമായി വാക്സിന് കുത്തിവെക്കുമെന്നാണ് അല്‍ ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്സിനേഷന് നടത്തുന്നത്. 300 ദിവസങ്ങളോളം വാക്സിനേഷന് പ്രോഗ്രാം പൂര്ത്തിയാവാനെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
27 മെഡിക്കല്‍ സെന്ററുകള്‍ ഇതിനായി സജ്ജീകരിക്കും. പ്രതിദിനം 10000 പേര്‍ക്ക് വാക്സിനേഷന് നടത്താനാണ് ബഹ്റിന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 90,450 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 350 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ബഹ്റിന് ദേശീയ ആരോഗ്യ മന്ത്രാലയം വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്സിന് ഉപയോഗത്തിന് യുകെക്ക് ശേഷം അനുമതി നല്കിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ബഹ്റിന്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിനും അടിയന്തര ഉപയോഗത്തിന് ബഹ്റിന് അനുമതി നല്‍കിയിട്ടുണ്ട്.
ഫൈസര്‍ വാക്സിന് 95 ശതമാനവും ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്ക, യു.കെ സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.