സുരേന്ദ്രനില്‍ നിന്നും പണം കിട്ടിയെന്ന വെളിപ്പെടുത്തല്‍: കെ സുന്ദരയുടെ മൊഴി എടുക്കുന്നു
ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്നും സുന്ദരയെ ബദിയടുക്ക പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി.
6 Jun 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്രിക പിന്‍വലിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പണം ലഭിച്ചെന്ന വെളിപ്പെടുത്തലില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്നും സുന്ദരയെ ബദിയടുക്ക പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി.
സുരേന്ദ്രന് പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കളില്‍ നിന്നും താനും കുടംബവും ഭീഷണി നേരിടുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ച്ച് പൊലീസ് കെ സുന്ദരയ്ക്ക് സംരക്ഷണം നല്കാന് തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
സുരേന്ദ്രന് പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നുമാണ് സുന്ദര ഇന്ന് ആരോപിച്ചിരുന്നത്. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞിരുന്നു.
പത്രിക പിന്‍വലിക്കുന്നതിനായി പണം വാങ്ങിയത് തെറ്റാണെന്ന് കെ സുന്ദര തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നിരിക്കിലും ഇപ്പോള്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ നിര്‍വ്വാഹമില്ല. പണം വീട്ടാവശ്യങ്ങള്‍ക്കും മരുന്നിനും മറ്റുമായി ചെലവായിപ്പോയി. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല പണം വാങ്ങിയ കാര്യം തുറന്നുപറഞ്ഞതെന്നും കെ സുന്ദര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറഞ്ഞു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.