Top

സ്‌കൊളാര്‍ കേരള, സാക്ഷരതാ മിഷന്‍ വിവാദ നിയമനങ്ങള്‍: സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ ഇന്ന് മന്ത്രിസഭാ പരിഗണനയില്‍

78 തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്നായിരുന്നു വകുപ്പു മേധാവിയുടെ ശുപാര്‍ശയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 26 പേരെ ഒഴിവാക്കിയാണു പട്ടിക തയാറാക്കിയത്. ഒഴിവാക്കപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തിലേറെ സര്‍വീസുണ്ട്

6 Oct 2020 9:59 PM GMT

സ്‌കൊളാര്‍ കേരള, സാക്ഷരതാ മിഷന്‍ വിവാദ നിയമനങ്ങള്‍: സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ ഇന്ന് മന്ത്രിസഭാ പരിഗണനയില്‍
X

തിരുവനന്തപുരം: വിവാദമായ സ്‌കോളര്‍കേരള, സാക്ഷരതാമിഷന്‍ നിയമനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും ഇടത് നേതാക്കളുടെ ബന്ധുക്കളും ഉള്‍പ്പടെയുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് പരിഗണിക്കുന്നത്. സ്‌കോളര്‍ കേരളയില്‍ 52 പേരെയും സാക്ഷരത മിഷനില്‍ 83 പേരെയും സ്ഥിരപ്പെടുത്താനാണ് നീക്കം. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും ശുപാര്‍ശ പട്ടികയിലെ പലര്‍ക്കും പത്ത് വര്‍ഷത്തെ സര്‍വീസില്ലെന്ന ആരോപണവുമുണ്ട്.

സ്‌കോളര്‍ കേരളയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ബന്ധുവും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ 52 പേരാണ് മന്ത്രിസഭയുടെ മുന്നിലെത്തുന്ന പട്ടികയിലുള്ളത്. പട്ടികയിലെ മൂന്നിലൊന്നു പേരും സിപിഎം ഭാരവാഹികളുടെ ബന്ധുക്കളാണ്. 78 തസ്തികകളില്‍ സ്ഥിരനിയമനം നടത്തണമെന്നായിരുന്നു വകുപ്പു മേധാവിയുടെ ശുപാര്‍ശയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 26 പേരെ ഒഴിവാക്കിയാണു പട്ടിക തയാറാക്കിയത്. ഒഴിവാക്കപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തിലേറെ സര്‍വീസുണ്ട്.

സാക്ഷരതാ മിഷനിലെ 83 തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളത്. 14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്‍, 5 പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്.

Next Story