AMMA Row

പാര്‍വ്വതിയുടെ രാജി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടത് ബാബുരാജ്; ഭൂരിഭാഗത്തിന്റെ എതിര്‍പ്പ് ചൂണ്ടി ആവശ്യം തള്ളി മോഹന്‍ലാല്‍

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ നടി പാര്‍വ്വതി തിരുവോത്തിന്റെ രാജി പുന പരിശോധിക്കണമെന്ന ഭാരവാഹിയുടെ ആവശ്യം തള്ളി. നടന്‍ ബാബുരാജാണ് പാര്‍വ്വതിയുടെ രാജി സംഘടന ഉടന്‍ തന്നെ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടത്. പാര്‍വതിയുടെ രാജി പുന:പരിശോധിക്കണമെന്ന ആവശ്യം ബാബുരാജ് മീറ്റിങ്ങില്‍ ഉന്നയിച്ചപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും ഇത് എതിര്‍ത്തു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആണ് നടപ്പിലാക്കുന്നതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പറഞ്ഞു. ഇതിനേത്തുടര്‍ന്ന് പാര്‍വ്വതി സമര്‍പ്പിച്ച രാജി താരസംഘടന അംഗീകരിക്കുകയായിരുന്നു.

ഇടവേള ബാബു പാര്‍വ്വതിയുടെ രാജിക്കത്ത് വായിച്ചു. ഈ രാജി അംഗീകരിക്കുന്നവര്‍ യോജിപ്പ് പ്രകടിപ്പിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ തന്നെ ബാബുരാജ് എതിര്‍ത്തു. സംഘടനയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശദമായി ചര്‍ച്ച ചെയ്യണമെന്നും ബാബുരാജ് യോഗത്തില്‍ പ്രതികരിച്ചു.

ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനമാണ് നടപ്പിലാക്കേണ്ടതെന്നാണ് ബൈലോയില്‍ പറയുന്നത്. അതാണ് നടപ്പിലാക്കുന്നത്.

മോഹന്‍ലാല്‍

ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ദേശീയ പുരസ്‌കാര ജേത്രി സംഘടനയ്ക്ക് രാജി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടര്‍ ടിവി മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിക്കിടെ അമ്മ ജനറല്‍ സെക്രട്ടറി നടത്തിയ പ്രതികരണം വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെയാണ് അമ്മ ഭാരവാഹിയോഗം പിരിഞ്ഞത്.

20-11-20ല്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍

  • കുമാരി പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചു.
  • ശ്രീ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, അദ്ദേഹത്തോട് വിശദീകരണം തേടുവാന്‍ തീരുമാനിച്ചു.
  • അമ്മ സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു.
  • അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് അഞ്ച് ലക്ഷവും അപകട മരണ ഇന്‍ഷുറന്‍സ് 12 ലക്ഷവുമായി ഉയര്‍ത്തി.
Covid 19 updates

Latest News