AMMA Row

അമ്മയില്‍നിന്നുള്ള പാര്‍വതിയുടെ രാജി: കൊഴിഞ്ഞുപോക്ക് അംഗീകരിക്കില്ലെന്ന് ബാബുരാജ്, ഇടവേള ബാബുവുമായുള്ള പ്രശ്‌നം അമ്മയില്‍ ചര്‍ച്ച ചെയ്യുമെന്ന് രചന നാരായണന്‍കുട്ടി

താരസംഘടനയായ അമ്മയില്‍നിന്നും നടി പാര്‍വതി രാജിവെച്ചത് സംഘടന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ ബാബുരാജ്. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു. വിഷയത്തെ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്‌നം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി.

അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു പാര്‍വതിയുടെ രാജി. ‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.’, പാര്‍വതി പറഞ്ഞു.

‘2018ല്‍ എന്റെ സുഹൃത്തുക്കള്‍ എഎംഎംഎയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎംഎ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു’, പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

Latest News