28 വര്‍ഷം: അദ്വാനിയെയും എംഎം ജോഷിയെയും വെറുതെ വിട്ട ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ
1992 ഡിസംബര്‍ 6 : ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നു. സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു (ക്രൈം നമ്പര്‍ 197: കര്‍സേവകര്‍ പള്ളി തകര്‍ത്തത്. ക്രൈം നമ്പര്‍ 198: അദ്വാനി, അശോക് സിംഗാള്‍, ഉമാ ഭാരതി മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ പള്ളിതകര്‍ക്കുന്നതിനു മുന്‍പ് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി) 1992 ഡിസംബര്‍ 16 രാമജന്മഭൂമി – ബാബറി മസ്ജിദ് തകര്‍ക്കല്‍, സംഭവപരമ്പരകള്‍, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകള്‍ തുടങ്ങിയവ അന്വേഷിക്കാന്‍ കേന്ദ്ര […]

1992 ഡിസംബര്‍ 6 : ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നു. സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു (ക്രൈം നമ്പര്‍ 197: കര്‍സേവകര്‍ പള്ളി തകര്‍ത്തത്. ക്രൈം നമ്പര്‍ 198: അദ്വാനി, അശോക് സിംഗാള്‍, ഉമാ ഭാരതി മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ പള്ളിതകര്‍ക്കുന്നതിനു മുന്‍പ് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി)
1992 ഡിസംബര്‍ 16 രാമജന്മഭൂമി – ബാബറി മസ്ജിദ് തകര്‍ക്കല്‍, സംഭവപരമ്പരകള്‍, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകള്‍ തുടങ്ങിയവ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മന്മോഹന് സിങ് ലിബറാനെ നിയോഗിച്ചു.
1993 ഒക്ടോബര്‍: ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു. രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടും കൈകാര്യംചെയ്ത് പൊതുവായ കുറ്റപത്രമാണ് സമര്‍പിച്ചത്. പ്രമുഖരായ 8 പേരുള്‍പ്പടെ 49 പേര്‍ക്കെതിരായിരുന്നു കുറ്റപത്രം.
2001 ഫെബ്രവരി 16 : ബാബറി മസ്ജിദ് തകര്‍ത്ത നടപടി ക്രിമിനല്‍ കുറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി
2001 മേയ് 4 : ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ എല്‍.കെ. അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം 21 പേരെ പ്രത്യേക കോടതി ഒഴിവാക്കി. നടപടികളിലെ പിഴവ് തിരുത്താന്‍ സര്‍ക്കാരിന് കോടതി അവസരം നല്കി.
(കേസുമായി ബന്ധപ്പെട്ട് 197/1992 , 198/1992 എന്നിങ്ങനെ രണ്ടു പ്രഥമവിവര റിപ്പോര്‍ട്ടാണ് ഫയല്‍ ചെയ്തത്. ഒന്നാമത്തെതില് ആരെയും പേരെടുത്ത് പറഞ്ഞ് പ്രതി ചേര്‍ത്തിരുന്നില്ല. രണ്ടാമത്തേതില്‍ പ്രമുഖ നേതാക്കളടക്കം പ്രതികളായിരുന്നു. യുപി സര്‍ക്കാര്‍ 1993 സെപ്റ്റംബറില്‍ ഹൈക്കോടതിയുമായി ആലോചിച്ച് ഒന്നാമത്തെ പ്രഥമവിവര റിപ്പോര്‍ട്ട് ലക്നൗ സ്പെഷല്‍ സിബിഎ കോടതിയിലേക്ക് മാറ്റി. രണ്ടാമത്തേത് മാറ്റിയില്ല. പിഴവ് പരിഹരിക്കാനെന്നവണ്ണം, എക്സിക്യട്ടീവ് ഉത്തരവിലൂടെ 1993 ഒക്ടോബറില്‍ രണ്ടാമത്തേതും പ്രത്യേക കോടതിയിലേക്ക് മാറ്റി. എന്നാല്‍ രണ്ടാമത്തെ റിപ്പോര്ട്ടിന്മേലുള്ള നടപടികള്‍ തങ്ങളുമായി (ആരുമായി) ആലോചിച്ചില്ലെന്ന് വ്യക്തമാക്കിയാണ് അഡ്വാനിക്കും മറ്റുമുളളവര്ക്കെതിരായ നടപടി നിര്‍ത്തലാക്കിയത്. തെറ്റു തിരുത്താന്‍ കോടതി അവസരം നല്‍കിയെങ്കിലും അതിന് നിര്ദേശസ്വഭാവമുണ്ടായിരുന്നില്ല).
2002 നവംബര്‍ 29 : അഡ്വാനിയും മറ്റും റായ്ബറേലിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുമെന്ന് യു പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി, പിഴവ് തിരുത്തി വിജ്ഞാപനമിറക്കാനും അഡ്വാനിയെയും മറ്റും വിചാരണ ചെയ്യാനും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളെ തുടര്‍ന്നാണിത്.
2003 സെപ്റ്റംബര്‍ 19 : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍നിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ. അഡ്വാനിയെ ഒഴിവാക്കിയ പ്രത്യേക കോടതി, കേന്ദ്ര മാനവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷിയടക്കം ഏഴുപേര്‍ക്കു കുറ്റപത്രം നല്കാന് ഉത്തരവായി.
2005 ജൂലൈ 28 : ബിജെപി അധ്യക്ഷന്‍ എല്‍.കെ. അഡ്വാനി, നേതാക്കളായ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കട്യാര്‍, വിഎച്ച്പി നേതാക്കളായ അശോക് സിംഗള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നീ എട്ടുപേര്‍ക്കെതിരെ സിബിഐപ്രത്യേക കോടതി കുറ്റംചുമത്തി. െഎപിസി 147 (കലാപമുണ്ടാക്കല്‍), 149 (ആസൂത്രിത കുറ്റകൃത്യം), 153 എ-ബി (വര്‍ഗീയവിരോധം പ്രചരിപ്പിക്കല്‍), 505 (ആരാധനാസ്ഥലത്തു പരസ്പര വിദ്വേഷമുണ്ടാക്കല്‍) എന്നിവയനുസരിച്ചാണു കുറ്റം ചുമത്തിയിട്ടുള്ളത്
2005 ഓഗസ്റ്റ് 30 : വിചാരണ ആരംഭിച്ചു.
2009 ജൂണ്‍ 30 : ബാബറി മസ്ജിദ് തകര്ത്തതിനുവാജ്പേയിയും അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കള്‍ ഉത്തരവാദികളാണെന്നലിബറാന് കമ്മിഷന് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു.
2010 മേയ് 20 : അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റങ്ങളില്‍നിന്ന് വിമുക്തമാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.
2017 ഫെബ്രവരി 19 : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അഡ്വാനി, ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 25 വര്‍ഷം പഴക്കമുള്ള കേസില്‍ ഒരു കാരണവശാലും വിചാരണ നീളരുതെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനകം വിധി പറയണമെന്നും അതുവരെ ജഡ്ജിയെ മാറ്റരുതെന്നും നിര്‍ദേശം
2017 ഏപ്രില്‍ 6 :എല്‍.കെ. അഡ്വാനി, മുരളീമനോഹ ജോഷി,ഉമാഭാരതി എന്നിവരടക്കം 13 ബിജെപി നേതാക്കള്ക്കെതിരെബാബറി മസ്ജിദ് തകര്‍ക്കല്‍ കേസ് പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിയില്‍ സിബിഐ ആവശ്യം.
2019 ഏപ്രില്‍ 19 : ബാബറി മസ്ജിദ് കേസ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നു. കേസുകള്‍ റായ്ബറേലി കോടതിയില്‍നിന്ന് ലക്നൗവിലെ പ്രത്യേക കോടതിയിലേക്കു മാറ്റാനും ഉത്തരവ്. രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നും ഉത്തരവ്.
2017 മേയ് 30 : എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുടെ വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ പ്രത്യേക കോടതി ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി.
മേയ് 2019: കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന് ലക്നൗ പ്രത്യേക കോടതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് സുപ്രീം കോടതി വിചാരണ പൂര്‍ത്തിയാക്കാനായി 9 മാസം സമയം അനുവദിച്ചു.
മേയ് 2020: ഈ വര്‍ഷം ഓഗസ്റ്റോടെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ലക്നൗ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജൂലൈ 2020: എല്‍.കെ. അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസ്താവനകള്‍ കോടതിയില്‍ രേഖപ്പെടുത്തി.
2020 സെപ്റ്റംബര്‍ 30 : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കം എല്ലാ പ്രതികളേയും ലക്നൗ പ്രത്യേക കോടതി വെറുതേ വിട്ടു.