ബാബറി മസ്ജിദ് തകര്‍ത്ത കേസ്: സിബിഐ കോടതി വിധിയ്ക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയിലേക്ക്
ശനിയാഴ്ച ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നീക്കത്തിലെതിരെ മത സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമിതി രൂപീകരിക്കാനും യോഗത്തില്‍ താരുമാനിച്ചിട്ടുണ്ട്.

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട സിബിഐ കോടതി വിധിയ്ക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയിലേക്ക്. ബിജെപി നേതാവ് എല്‍ കെ അദ്വാനിയടക്കം മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. സിബിഐ അപ്പീല്‍ നല്കിയാലും ഇല്ലെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
ശനിയാഴ്ച ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നീക്കത്തിനെതിരെ മത സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമിതി രൂപീകരിക്കാനും യോഗത്തില്‍ താരുമാനിച്ചിട്ടുണ്ട്. വിധിയില്‍ സംതൃപ്തരല്ലെന്നും വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍ ജിലാനി മുന്‍പ് വ്യക്തമാക്കിയിരുന്നു.