Top

കൊടകര: പ്രതികള്‍ക്ക് വിജയരാഘവനുമായി ബന്ധമെന്ന് ഗോപാലകൃഷ്ണന്‍; ‘അവര്‍ ബിന്ദുവിന്റെ പ്രചരണത്തിനുമെത്തി’

ബിജെപിയുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ പൊലീസ് അതിന് തെളിവ് ഹാജരാക്കാന്‍ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

16 Jun 2021 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര: പ്രതികള്‍ക്ക് വിജയരാഘവനുമായി ബന്ധമെന്ന് ഗോപാലകൃഷ്ണന്‍; ‘അവര്‍ ബിന്ദുവിന്റെ പ്രചരണത്തിനുമെത്തി’
X

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ് പ്രതികള്‍ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. ഹവാല പണമിടപാടാണ് കൊടകര സംഭവത്തോട് ബന്ധപ്പെട്ട് നടന്നതെന്ന് ആദ്യം ആരോപണവുമായി രംഗത്തെത്തിയ എ വിജയരാഘവനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകണമെന്നാണ് ഗോപാലകൃഷ്ണന്‍ ആവശ്യപ്പടുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വിജയരാഘവന്റെ ഭാര്യയുമായ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടകര പ്രതികള്‍ എത്തിയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ ആരോപണം.

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിക്ക് നേരെ നീളുന്നതിന് പിന്നില്‍ സിപിഐഎം അജണ്ടയാണെന്ന് ബിജെപി നേതാക്കള്‍ മുന്‍പ് തന്നെ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ പൊലീസ് അതിന് തെളിവ് ഹാജരാക്കാന്‍ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിണറായിയുടെ പോക്കറ്റ് ബേബികളായി അന്വേഷണസംഘം അധപതിച്ചു. പൊലീസ് ഇപ്പോള്‍ പിന്തുടരുന്നത് ഇന്ത്യന്‍ പീനല്‍ കോഡല്ല. മറിച്ച് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണ്. ഇത് കുഴല്‍പ്പണ കേസാണോ അതോ പിണറായിയുടെ കുഴലൂത്ത് കേസാണോ? ബിജെപിയോട് മര്യാദകേട് കാണിച്ചാല്‍ തിരിച്ചും എല്ലാവരും അതുതന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യം ചെയ്യലിന് ഇനി മുതല്‍ ഹാജരാകേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി തീരുമാമെടുത്തതായി വാര്‍ത്തകളുണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തോ കോടതി മുഖേനെയോയുള്ള അന്വേഷണത്തില്‍ മാത്രമേ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹാജരാകൂ എന്നാണ് പാര്‍ട്ടി നിലപാട്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം ബിജെപിയെ വേട്ടയാടുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ആരോപണമുന്നയിച്ച് വരികയായിരുന്നു. ഇനിയും സിപിഐഎം അജണ്ടക്ക് നിന്നുകൊടുക്കേണ്ടതില്ലെന്ന് ബിജപെി കോര്‍കമ്മിറ്റിയില്‍ തീരുമാനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം അന്വേഷണങ്ങളോടും സഹകരിക്കുമെന്നായിരുന്നു ആദ്യം പാര്‍ട്ടി സ്വീകരിച്ചിരുന്ന നിലപാട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചനയുയരുന്ന പശ്ചാത്തലത്തിലാണ് ബിജെപി ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നാണ് സൂചന.

Next Story