അഴീക്കോടും തര്‍ക്കം തുടരുന്ന ഇരിക്കൂറും യുഡിഎഫിനൊപ്പമെന്ന് മനോരമ സര്‍വ്വേ; കൂത്തുപറമ്പില്‍ രണ്ടാം സ്ഥാനം എന്‍ഡിഎക്കെന്നും പ്രവചനം, പേരാവൂരില്‍ അട്ടിമറി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വ്വേ പ്രവചനം. സിപിഐഎമ്മിന്റെ കെവി സുമേഷിനെ കെഎം ഷാജി പരാജയപ്പെടുത്തുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.

പയ്യന്നൂരും കല്യാശ്ശേരിയും തളിപ്പറമ്പും കണ്ണൂരും തലശ്ശേരിയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും മനോരമ സര്‍വ്വേയില്‍ പറയുന്നു. ധര്‍മ്മടവും എല്‍ഡിഎഫിനൊപ്പമാണ്.

ഇരിക്കൂറില്‍ ശക്തമായ മത്സരം നടക്കുമെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നുമാണ് സര്‍വ്വെ കണ്ടെത്തല്‍. ഇപ്പോഴും തര്‍ക്കം തുടരുന്ന ഇവിടെ, യുഡിഎഫിന് 47.9 ശതമാനവും എല്‍ഡിഎഫിന് 44.34 ശതമാനവുമാണ് വോട്ട് ഷെയറെന്നാണ് പ്രവചനം.

കൂത്തുപറമ്പ് എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് പറയുന്ന സര്‍വ്വെയുടെ കണ്ടത്തില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നാണ്. യുഡിഎഫ് ലീഗിന് വിട്ടുകൊടുത്ത മണ്ഡലമാണിത്.

കെകെ ശൈലജ മത്സരിക്കുന്ന മട്ടന്നൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫ് രണ്ടാം സ്ഥാനത്തും എന്‍ഡിഎ മൂന്നാം സ്ഥാനത്തുമെന്നാണ് പ്രവചനം. പേരാവൂരില്‍ അട്ടമറിയുണ്ടാവുമെന്നും സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ സണ്ണി ജോസഫിനെ പരാജയപ്പെടുത്തുമെന്നാണ് സര്‍വ്വെ പറയുന്നത്.

മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നാണ് കണ്ടെത്തല്‍. യുഡിഎഫ് രണ്ടാം സ്ഥാനത്തും എല്‍ഡിഎഫ് മൂന്നാമതും എത്തുമെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മഞ്ചേശ്വത്തെ ബിജെപി സ്ഥാനാര്‍ത്ഥി.

കാസര്‍കോട് സീറ്റില്‍ യുഡിഎഫിന്് മുന്‍തൂക്കം നല്‍കുന്ന സര്‍വ്വെയില്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എന്‍ഡിഎ തുടരുമെന്നും പ്രവചിക്കുന്നു. എല്‍ഡിഎഫിന് മൂന്നാം സ്ഥാനം തന്നെയാണെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ഉദുമയും കാഞ്ഞങ്ങാടും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ കണ്ടെത്തല്‍.

തൃക്കരിപ്പൂരില്‍ അട്ടിമറിയുണ്ടാവുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് മുന്നേറുമെന്നുമാണ് മനോരമയുടെ സര്‍വ്വെ പറയുന്നത്. യുഡിഎഫിന് 44.3 ശതമാനവും എല്‍ഡിഎഫിന് 43.5 ശതമാനവുമാണ് പ്രവചനം. 0.77 ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുത്തിരിക്കുന്ന സീറ്റാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പമായിരുന്നു തൃക്കരിപ്പൂര്‍.

Covid 19 updates

Latest News