KERALA ELECTION 2021

‘ഇരട്ടച്ചങ്കന്‍ മലക്കംമറിഞ്ഞു’; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചങ്കന്‍ പോലുമല്ലാതെ ദുര്‍ബലനായെന്ന് കെ സുരേന്ദ്രന്‍

അയ്യപ്പനും മറ്റ് ദേവഗണങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ വാക് പോര് തുടരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി മലക്കം മറിഞ്ഞെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഏറ്റവും വലിയ അസുരനായിട്ടുള്ള പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ നീചമായ അതിക്രമങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മ്മിക്കുമെന്ന് വിചാരിച്ചാണ് ഇരട്ടച്ചങ്കനായിട്ടുള്ള മുഖ്യമന്ത്രി ഇപ്പോള്‍ മലക്കംമറിച്ചിലിന് തയ്യാറായത്. ഇത് ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

പിണറായിയുടെ ദൗര്‍ബല്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹം ഇരട്ടച്ചങ്കനുമല്ല, ഒരു ചങ്കനുമല്ല. അദ്ദേഹം അത്രയും ദുര്‍ബലനായിട്ടുള്ള നേതാവാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാ നിലപാടുകളും മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

കെ സുരേന്ദ്രന്‍

അയ്യപ്പനെ പരാമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വോട്ടെടുപ്പ് ദിനത്തിലെ പ്രധാന വിഷയമായി ശബരിമല യുവതീ പ്രവേശനം മാറി. ദേവഗണങ്ങള്‍ അസുരഗണങ്ങള്‍ക്കൊപ്പം ചേരാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം. ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ട്. കാരണം തങ്ങള്‍ സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ അയ്യപ്പന്റെ കോപമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ‘ശരണം വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശരണം വിളിച്ചില്ല. ഇപ്പോഴാണ് അയ്യപ്പന്റെ ദോഷം മനസ്സിലാവുന്നത്. ആ ദോഷം അനുഭവിച്ചേ തീരൂ രണ്ടുകൂട്ടരും,’ എന്നായിരുന്നു വിഷയത്തില്‍ കെ മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടുകളെ കേരളത്തിലെ ജനങ്ങള്‍ തിരസ്‌കരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍, ദാവത്തിന്റെ അനഗ്രഹം ആഗ്രഹിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് ശശി തരൂരും പറഞ്ഞു.

ചരിത്രത്തില്‍ ഒരിക്കലും ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രി എകെ ബാലന്റെ മറുവാദം. ശബരിമലയില്‍ നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എന്നിട്ടും ദൈവത്തെ ഇങ്ങനെ ഉപയോഗിക്കുന്ന്ത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഏറ്റവുമധികം വികസനം നടത്തിയത് ഇടതുസര്‍ക്കാരാണെന്നും ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ എല്‍ഡിഎഫിന് വോട്ടുചെയ്‌തേനെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അയ്യപ്പ വിശ്വാസികള്‍ അടക്കമുള്ള വിശ്വാസികള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമാണെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. എല്ലാ വിശ്വാസങ്ങളേയും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന വാര്‍ത്തയായിരുന്നു. സാമൂഹ്യനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുകയുണ്ടായി. രാവിലെ ഏഴ് മണിയ്ക്ക് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എന്‍എസ്എസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ എ കെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പിണറായി വിജയനും സര്‍ക്കാരിനുമെതിരെ അയ്യപ്പകോപമുണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും മന്ത്രി പരാതി നല്‍കിയിട്ടുണ്ട്.

Covid 19 updates

Latest News